Asianet News MalayalamAsianet News Malayalam

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു

2018-ൽ മാണിക് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയിൽ ഭരണം പിടിച്ചത്

Tripura Chief Minister Biplab Deb Resigns
Author
Agartala, First Published May 14, 2022, 4:30 PM IST

അഗർത്തല: ബിജെപി ഭരിക്കുന്ന ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു.ഗവർണർക്ക് രാജിക്കത്ത് നൽകിയതായി ബിപ്ലവ് കുമാർ അറിയിച്ചു. പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ നിർദേശം അനുസരിച്ചാണ് രാജി എന്നാണ് സൂചന. ബിപ്ലവിൻ്റെ ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബിജെപി നേതൃത്വം അതൃപ്തിയിലായിരുന്നു. 


"എല്ലാത്തിനും മുകളിൽ പാർട്ടിയാണ് പ്രധാനം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും നിർദ്ദേശത്തിനും കീഴിലാണ് ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയിൽ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുമായിരുന്നു എൻ്റെ പ്രയത്നം,"  - രാജി വാർത്ത സ്ഥിരീകരിച്ചു കൊണ്ട് ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബിപ്ലബിൻ്റെ രാജിപ്രഖ്യാപനം വരുന്നത്. വെള്ളിയാഴ്ച ഡൽഹിയിലുണ്ടായിരുന്ന ദേബ് ശനിയാഴ്ച രാവിലെ അഗർത്തലയിൽ തിരിച്ചെത്തിയിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. ബി.ജെ.പി എം.എൽ.എമാർ എല്ലാവരും പങ്കെടുക്കുന്ന ഈ  യോഗത്തിൽ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുംനിയമസഭാ കക്ഷി യോഗത്തിൽ നിരീക്ഷകരായി പങ്കെടുക്കുന്നുണ്ട്. 

2018-ൽ മാണിക് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയിൽ ഭരണം പിടിച്ചത്. കോണ്ഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ബിപ്ലവിൻ്റെ പ്രവർത്തനം വിജയത്തിൽ നിർണായകമായിരുന്നു.  എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൻ്റെ മതിപ്പ് പിടിച്ചു പറ്റാൻ ബിപ്ലവിനായില്ല. 

ബിജെപിക്ക് പിന്നാലെ ത്രിപുരയിൽ സിപിഎമ്മിനും കോണ്ഗ്രസിനും ബദലായി മാറാൻ തൃണമൂൽ കോണ്ഗ്രസും കഠിന പ്രയത്നമാണ് നടത്തുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അധികാര തുടർച്ചയ്ക്ക് ബിപ്ലവിൻ്റെ നേതൃത്വം മതിയാവില്ലെന്ന വിമർശനം ബിജെപിക്ക് അകത്ത് ശക്തമായിരുന്നു. ഇന്ന് വൈകിട്ട് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം അഗർത്തലയിൽ ചേരുന്നുണ്ട് അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമുണ്ടാവാനാണ് സാധ്യത. 

“ രാജി പ്രഖ്യാപനം ഞങ്ങളെ അത്ഭുതപ്പെടുത്തി. എന്താണ് അദ്ദേഹത്തെ രാജിക്ക് പ്രേരിപ്പിച്ചതെന്ന് അറിയില്ല. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. പാർട്ടിക്ക് ചില പദ്ധതികളുണ്ടാകാം, അതെന്തായാലും പാർട്ടിക്ക് ഗുണം ചെയ്യുന്നതാവുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്' - ബിപ്ലവ് സർക്കാരിലെ ഒരു മന്ത്രി പേര് വെളിപ്പെടുത്താതെ ദേശീയ മാധ്യമത്തോട്  പ്രതികരിച്ചു,
 

Follow Us:
Download App:
  • android
  • ios