അ​ഗർത്തല:  കോവിഡ് 19 രോ​ഗബാധയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായി കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങൾ അടങ്ങിയ പുസ്തകം നൽകി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. പുസ്തകം കൈമാറുന്ന ചിത്രങ്ങൾ ബിപ്ലബ് ദേബ് ട്വീറ്റുകളിൽ പങ്കുവച്ചിട്ടുണ്ട്. പുസ്കത്തിന്റെ പുറംചട്ടയിൽ സ്വാമി വിവേകാനന്ദന്റെ ചിത്രമാണുള്ളത്. ജീവിതം കരുത്താണ്, മരണം ദൗർബല്യമാണ് എന്ന് വിവേകാനന്ദ വചനവും ട്വീറ്റിനൊപ്പം ബിപ്ലബ് പങ്കുവച്ചിട്ടുണ്ട്. 

കൊവിഡ് കേന്ദ്രങ്ങളിലെ മുതിർന്ന ഉദ്യോ​ഗസ്ഥർക്കാണ് ഇദ്ദേഹം പുസ്തകങ്ങൾ കൈമാറുന്നത്. 'കൊവിഡ് രോ​ഗികളെ പ്രചോദിപ്പിക്കുന്നതിനും മാനസികമായി ശക്തരാക്കുകയും ചെയ്യുന്നതിന് വേണ്ടി സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ വിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അവർ ഈ പുസ്തകങ്ങൾ വായിക്കുകയും അതുവഴി അദ്ദേഹത്തിന്റെ ചിന്തകളിൽ നിന്ന് മാനസികമായ ശക്തി നേടാനും സാധിക്കും.' ദേബ് ട്വീറ്റ് ചെയ്തു. 

കൊവിഡിനെതിരെ പോരാടുമ്പോൾ കരുത്തോടെയും ഊർജ്ജസ്വലതയോടും ആയിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഹപ്പാനിയ കൊവി‍ഡ് കെയർ സെന്ററിന് പുസ്തകങ്ങൾ കൈമാറിയതായും മുഖ്യമന്ത്രി ട്വീറ്റിൽ പറഞ്ഞു. ത്രിപുരയിൽ ഇതുവരെ 9195 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 79 പേർ കൊവിഡിനെ തുടർന്ന് മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും ഒടുവിലാണ് ത്രിപുരയുടെ സ്ഥാനം. എന്നാൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പരിശോധന നിരക്ക് വർദ്ധിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.