ത്രിപുര ഡിജിപി അനുരാഗ് ധങ്കറിനെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കഴിഞ്ഞ വർഷം മെയിലാണ് ത്രിപുരയുടെ പൊലീസ് മേധാവിയായി ചുമതലയേറ്റത്.
അഗർത്തല: ത്രിപുര ഡിജിപി അനുരാഗ് ധങ്കർ മരിച്ച നിലയിൽ. അഗർത്തലയിലെ പൊലീസ് ആസ്ഥാനത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കർ. മൂന്ന് പതിറ്റാണ്ടായി അദ്ദേഹം സർവീസിലുണ്ട്. കഴിഞ്ഞ വർഷം മെയിലാണ് ത്രിപുരയുടെ പൊലീസ് മേധാവിയായത്.
വെടിയേറ്റാണ് ഡിജിപിയുടെ മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർവീസ് റിവോൾവർ ഉപയോഗിച്ച് ഡിജിപി സ്വയം വെടിവച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഉടനെ അദ്ദേഹത്തെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് സംഘം സംഭവ സ്ഥലത്ത് അന്വേഷണം തുടങ്ങി.
1995 മുതൽ 2003 വരെ ത്രിപുരയിൽ സേവനം അനുഷ്ഠിച്ച അനുരാഗ് ധങ്കർ പിന്നീട് ഒരു വർഷക്കാലം കൊസവോ യുഎൻ മിഷന്‍റെ ഭാഗമായി. അതിനു ശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലും സിഐഎസ്എഫിലും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ത്രിപുരയിൽ തന്നെ തിരിച്ചെത്തി. മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ളവർ പൊലീസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതുവരെ ഡിജിപിയുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
