അഗര്‍ത്തല: ക്ഷേത്രങ്ങളിലെമൃഗ - പക്ഷി ബലി നിരോധിച്ച്  ത്രിപുര ഹൈക്കോടതി. ഭരണഘടനയുടെ 21ാം അനുഛേദമനുസരിച്ച് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നടപടി. ത്രിപുര സംസ്ഥാനത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. ത്രിപുര സംസ്ഥാനത്തുള്ള ഒരു ക്ഷേത്രങ്ങളിലും മൃഗബലിയോ പക്ഷികളെ ബലി നല്‍കുകയോ പാടില്ലെന്ന് ഈ മാസം 27 ന് പുറത്തിറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നു. 

Breaking: Animals Have

ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അരിന്ദം ലോധ് എന്നിവരുടെ ബഞ്ചിന്‍റേതാണ് തീരുമാനം. ക്ഷേത്രങ്ങളിലെ മൃഗബലി പ്രധാനപ്പെട്ട ആചാരമാണെങ്കിലും അത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുഭാസ് ബട്ടാചാര്‍ജിയുടെ മൃഗ പക്ഷി ബലിക്കെതിരായ ഹര്‍ജിയിലാണ് നിര്‍ണായക തീരുമാനം. നിഷ്കളങ്കരായ മൃഗങ്ങളുടേയും പക്ഷികളുടേയും ജീവനാണ് അന്ധവിശ്വാസങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഹോമിക്കപ്പെടുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ത്രിപുരയിലെ പ്രധാന ക്ഷേത്രങ്ങളായ മാതാ ത്രിപുരേശ്വരി ക്ഷേത്രത്തിലും ചതുര്‍ദാസ് ദേവതാ ക്ഷേത്രത്തിലെയും പ്രധാന ആചാരത്തില്‍ ഉള്‍പ്പെടുന്നതാണ് മൃഗബലി. 

ത്രിപുര ജില്ലാ ഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തിലാണ് മാതാ ത്രിപുരേശ്വരി ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ എല്ലാദിവസവും ഓരോ ആടിനെയും വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുസരിച്ച് മറ്റ് മൃഗങ്ങളെയും ബലി നല്‍കുന്നുണ്ടെന്ന് പരാതി വിശദമാക്കുന്നു. താന്ത്രിക് വിധികള്‍ അനുസരിച്ച് ഏറെക്കാലമായുള്ള ആചാരമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹിന്ദു ക്ഷേത്രങ്ങളിലെ മൃഗ - പക്ഷി ബലിക്കെതിരെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മോസ്കുകളില്‍ ബക്രീദ് ദിവസം നടക്കുന്ന മൃഗബലിക്ക് ഉത്തരവ് തടയുന്നില്ല. 

ക്ഷേത്രത്തിലെ മൃഗബലി തടയാനുള്ള നീക്കം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണം നേരത്തെയുയര്‍ന്നിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് മഹാരാജയുമായി നടത്തിയ ഉടമ്പടി അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മാതാ ത്രിപുരേശ്വരിയെ ആരാധിക്കുന്നത്. ഈ ആചാരം ആരാധനയിലെ നിര്‍ണായക ഘടകമാണെന്നും അതിനാല്‍ നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

എന്നാല്‍ ജനങ്ങള്‍  സഹജീവികളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയില്‍ ജീവന്‍ എന്ന പദംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് മനുഷ്യനെ മാത്രമല്ല, എല്ലാ ജീവികളേയുമാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷമായ മുസ്‍ലിം സമുദായത്തിലുള്ളവര്‍ ബക്രീദ് സമയത്ത് നടത്തുന്ന മൃഗബലി മുഹമ്മദ് ഹനീഫ് ഖുറേഷി ബീഹാര്‍ സര്‍ക്കാരിനെതിരെ നല്‍കിയ കേസിലെ വിധിയെ അനുസരിച്ച് നിലനില്‍ക്കുമെന്നും കോടതി വിശദമാക്കി. ഏത് മതമാണ് അനാവശ്യമായി സഹജീവികളുടെ പീഡ ആവശ്യപ്പെടുന്നതെന്ന് കോടതി വിധി പ്രസ്താവത്തിനിടെ ചോദിച്ചു.