അഗര്‍ത്തല: ത്രിപുരയില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത എംഎല്‍എ  പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസില്‍നിന്ന് തടിയൂരി. ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിടിഎഫ്) എംഎല്‍എ ധനഞ്ജോയ് ത്രിപുരയാണ് (29) പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. മെയ് 20ന്  വിവാഹ വാഗ്ദാനം നല്‍കി തന്നെ എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് വിവാഹം. അന്വേഷണം പൂര്‍ത്തിയാക്കി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ എംഎല്‍എയും കുടുംബവും ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും വഴങ്ങിയില്ല.

പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് എംഎല്‍എ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ധാരണയിലെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കുമെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും അറിയിച്ചു.