ഉച്ചക്ക് 2.30 ന് നടത്തുന്ന വാർത്തസമ്മേളനത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയ്യതികള്‍ കമ്മീഷന്‍ പ്രഖ്യാപിക്കും

ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കും. മാർച്ച് ആദ്യവാരത്തോടെ മൂന്ന് തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കാനാണ് സാധ്യത. ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ധാരണയുണ്ടാക്കുമെന്ന് ഉറപ്പായി. മാർച്ചിലാണ് ത്രിപുര, മേഘാലയ നാഗാലാന്റ് നിയസഭകളുടെ കാലാവധി പൂർത്തിയാകുന്നത്. ഉച്ചക്ക് 2.30 ന് നടത്തുന്ന വാർത്തസമ്മേളനത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയ്യതികള്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.

മൂന്ന് സംസ്ഥാനങ്ങളിലേയും സർക്കാരുകളില്‍ ബിജെപി ഭാഗമാണ്. ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം -കോണ്‍ഗ്രസ് ധാരണയായതോടെ മത്സരം ശക്തമായി. വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് പ്രത്യുദ് ദേബ് ബർമന്‍റെ തിപ്ര മോത പാര്‍ട്ടിയെ കൂടി കൊണ്ടു വരാനാണ് രണ്ടു പാർട്ടികളും ശ്രമിക്കുന്നത്. മോദി പ്രഭാവവും സംസ്ഥാന സർക്കാരിന്‍റെ വികസനവും വോട്ടാക്കി ഭരണ തുടര്‍ച്ച നേടാനായി ത്രിപുരയില്‍ റാലികളുമായി ബിജെപി സജീവമാണ്. ബിപ്ലബ് ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയെ ആക്കിയതിലൂടെ ഭരണവിരുദ്ധ വികാരവും ആഭ്യന്തരപ്രശ്നവും പരിഹരിക്കാനായെന്നും ബിജെപി കരുതുന്നു.

മേഘാലയില്‍ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബിജെപിയും ചേർന്ന സഖ്യമായ എംഡിഎ ആണ് ഭരിക്കുന്നത്. 20 സീറ്റ് എംഡിഎക്കും മൂന്ന് സീറ്റ് ബിജെപിക്കും ഉണ്ട്. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മയുടെ എന്‍പിപിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിനെ ഞെട്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വർഷം 17 ല്‍ 12 എംഎൽഎമാരെയും ഒപ്പമെത്തിച്ച് മുഖ്യ പ്രതിപക്ഷമായിരുന്നു. എന്നാല്‍ ഇതില്‍ എട്ട് എംഎല്‍എമാർ മാത്രമേ ഒപ്പമുള്ളുവെന്നതാണ് ടിഎംസി നേരിടുന്ന പ്രതിസന്ധി.

നാഗാലന്‍റില്‍ 42 സീറ്റുള്ള എൻഡിപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 12 സീറ്റുള്ള ബിജെപിയും ചേർന്നുള്ള യുഡിഎ അണ് ഭരിക്കുന്നത്. ഈ വർഷം നടക്കാൻ പോകുന്ന പത്ത് പോരാട്ടങ്ങളുടെ തുടക്കത്തിനാകും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സാക്ഷ്യം വഹിക്കുക.