അകര്‍ത്തല: ത്രിപുരയില്‍ നിന്നുള്ള 19 കാരിയ്ക്ക് 12ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം. ഏറ്റവും മികച്ച വിജയം നേടിയ ആദ്യ 10 പേരിലൊരാളാണ് സംഗമിത്ര ദേബ്. സ്‌കൂള്‍ പരീക്ഷയില്‍ മുന്നിലെത്തിയെന്നത് മാത്രമല്ല, സംഗമിത്രയെ വ്യത്യസ്തയാക്കുന്നത്. ഇതിനായി അവള്‍ താണ്ടിയ വഴികളാണ്. ആകെ വിദ്യാര്‍ത്ഥികളില്‍ 10 പേരില്‍ ഒമ്പതാമതും തന്റെ വിഷയത്തില്‍ ഏഴാമതുമാണ് സംഗമിത്ര. 

15ാം വയസ്സില്‍ വിവാഹിതയായ ഈ 19കാരിക്ക് ഒരു കുഞ്ഞുകൂടിയുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ജവാനാണ് സംഗമിത്രയുടെ ഭര്‍ത്താവ് രാജു ഘോഷ്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ് സംഗമിത്ര താമസിക്കുന്നത്. 

'' വീട്ടുപണികളെല്ലാം തീര്‍ത്തതിന് ശേഷമാണ് ഞാന്‍ പഠിക്കാനിരുന്നിരുന്നത്. തീര്‍ച്ചയായും എന്റെ ഭര്‍തൃവീട്ടുകാരും എന്നെ സഹായിച്ചു. ഇതുപോലെ തന്നെ ബിരുദവും നേടണമെന്നാണ് ആഗ്രഹം. കര്‍ഷകനാണ് സംഗമിത്രയുടെ അച്ഛന്‍. 77 ശതമാനം മാര്‍ക്ക് നേടിയാണ് അവള്‍ എസ്എസ്എല്‍സി പാസായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പരിക്ഷയെഴുതിയെടുത്തത്.  

അതേസമയം സംഗമിത്രയുടെ പരീക്ഷയുടെ വിജയം ആഘോഷിക്കുമ്പോള്‍ തന്നെ ത്രിപുരയില്‍ തുടരുന്ന ശൈശവ വിവാഹം നിര്‍ത്തലാക്കേണ്ടതുണ്ടെന്നും ആവശ്യം ശക്തമാകുന്നുണ്ട്.