തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷ കൃഷ്ണൻ പങ്കെടുത്തു. ചടങ്ങിന് ശേഷം "സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്" എന്ന അടിക്കുറിപ്പോടെ തൃഷ പങ്കുവെച്ച ചിത്രം ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.  

ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി തൃഷ കൃഷ്ണൻ. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം തൃഷ പങ്കുവെച്ച ചിത്രങ്ങളും അതിന് നൽകിയ അടിക്കുറിപ്പുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം."സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്" (The love is always louder) എന്നാണ് തൃഷ തന്റെ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.

കടൽ പച്ച നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് തൃഷ ചടങ്ങിനെത്തിയത്. വിജയിയുടെ രാഷ്ട്രീയ നേട്ടത്തിന് പിന്നാലെ തൃഷ പങ്കുവെച്ച ഈ പോസ്റ്റ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ഗില്ലി, തിരുപ്പാച്ചി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും തമിഴിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികളാണ്.

View post on Instagram

വിജയിന്റെ വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തൃഷയുടെ പേര് പലപ്പോഴും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ചില രാഷ്ട്രീയ നേതാക്കൾ പോലും ഈ ബന്ധത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തിടെ നടന്ന എജിഎസ് കുടുംബത്തിലെ വിവാഹ ചടങ്ങിൽ ഇരുവരും ഒരുമിച്ച് എത്തിയത് വലിയ വാർത്തയായിരുന്നു.

വിജയിന്റെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറും ശോഭയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാതൃദിനത്തിൽ തന്നെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലുള്ള വൈകാരികമായ സന്തോഷം ശോഭ ചന്ദ്രശേഖർ പങ്കുവെച്ചു. തമിഴക വെട്രി കഴകം (ടിവികെ) 118 സീറ്റുകൾ നേടിയാണ് തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുത്തത്.