“ഞങ്ങളുടെ ആളുകൾ വന്ന് പ്രധാനമന്ത്രിയുടെ ബാനർ ഇവിടെ സ്ഥാപിക്കും. അത് നീക്കം ചെയ്യുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം” എന്ന് കളക്ടറോട് കേന്ദ്രമന്ത്രി
ഹൈദരാബാദ്: റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വയ്ക്കാൻ ആവശ്യപ്പെട്ട കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി ടിആർഎസ്. ധനകാര്യമന്ത്രി റേഷൻ കടയിൽ ചിത്രം പതിപ്പിക്കണമെന്ന ശഠിച്ചപ്പോൾ ടിആർഎസ് മോദിയുടെ ചിത്രം എൽപിജി സിലിണ്ടറിൽ പതിച്ചാണ് മറുപടി നൽകിയത്. മാത്രമല്ല, കെസിആർ മന്ത്രിസഭയിലെ ധനകാര്യമന്ത്രി ഉൾപ്പെടെ പ്രതികരണവുമായി രംഗത്തെത്തി.
റേഷൻ കടകളിൽ മോദിയുടെ ചിത്രം വെക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ നിർമ്മലാ സീതാരാമൻ പ്രധാനമന്ത്രിയെ തരംതാഴ്ത്തിയെന്ന് തെലങ്കാന ആരോഗ്യമന്ത്രി ടി ഹരീഷ് റാവു പ്രതികരിച്ചു. " നമ്മുടെ രാജ്യത്തെ സാമ്പത്തികമായി പരിപാലിക്കുന്ന അഞ്ചോ ആറോ സംസ്ഥാനങ്ങളിൽ തെലങ്കാനയും ഉൾപ്പെടുന്നു. അതിനാൽ നമ്മുടെ മുഖ്യമന്ത്രിയുടെ ഫോട്ടോ ഇവിടെയും മറ്റ് സംസ്ഥാനങ്ങളിലും വയ്ക്കണോ?" - ടി ഹരീഷ് റാവു ചോദിച്ചു. റേഷൻ കടകളൽ മോദിയുടെ ചിത്രം പതിക്കാത്തതിനെ ചൊല്ലി ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ബിർകൂരിൽ വെച്ച് ജില്ലാ കളക്ടറോട് ദേഷ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ('കെസിആർ') മകൻ മന്ത്രി കെ ടി രാമ റാവു, മന്ത്രിയുടെ "അനിയന്ത്രിതമായ പെരുമാറ്റം" തന്നെ അമ്പരപ്പിക്കുന്നുവെന്ന് പ്രതികരിച്ചു. റേഷൻ കടകളിൽ മോദിയുടെ ഫോട്ടോ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ എൽപിജി സിലിണ്ടറുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചുകൊണ്ടുള്ള വീഡിയോ ടിആർഎസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്ധനവില കുത്തനെ കൂടുന്നതിൽ പ്രതിഷേധം കനക്കുമ്പോഴാണ് സിലിണ്ടറിൽ മോദിയുടെ ചിത്രം പതിച്ചത്.
കളക്ടറോട് നിർമ്മലാ സീതാരാമൻ കയർക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ന്യായവില കടകളിലെ അരിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഓഹരികൾ എത്രയാണെന്ന് പെട്ടെന്ന് പറയാൻ കഴിയാതെ വന്ന കളക്ടർ ജിതേഷ് പാട്ടീലിനെതിരെ നിർമ്മലാ സീതാരാമൻ ശബ്ദമുയർത്തി. ഒരു കിലോയ്ക്ക് 35 രൂപ വിലയുള്ളതിൽ കേന്ദ്രം 30 രൂപയും സംസ്ഥാനം 4 രൂപയും ഗുണഭോക്താക്കളിൽ നിന്ന് 1 രൂപയുമാണ് ഈടാക്കുന്നതെന്ന് അവർ പറഞ്ഞു. തെലങ്കാനയിലെ കടകളിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകൾ വയ്ക്കാത്തതിലും അവർ പ്രകോപിതയായി. “ഞങ്ങളുടെ ആളുകൾ വന്ന് പ്രധാനമന്ത്രിയുടെ ബാനർ ഇവിടെ സ്ഥാപിക്കും,” കേന്ദ്രമന്ത്രി വീഡിയോയിൽ കലക്ടറോട് പറയുന്നുണ്ട്. , “അത് നീക്കം ചെയ്യില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം” എന്ന് കളക്ടറോട് മന്ത്രി ആവശ്യപ്പെടുന്നുമുണ്ട്.
എന്നാൽ ന്യായവില കടകളിലെ കേന്ദ്രസംസ്ഥാന വിഹിതത്തെ കുറിച്ചുള്ള ധനകാര്യമന്ത്രിയുടെ വാദത്തെ സംസ്ഥാന ധനകാര്യമന്ത്രി ഹരീഷ് റാവു എതിർത്തു. ആകെ വിഹിതത്തിന്റെ 50 മുതൽ 55 ശതമാനം വരെയാണ് കേന്ദ്രം നൽകുന്നതെന്നും ബാക്കി 45 ശതമാനവും 10 കിലോ അരി സൗജന്യമായും നൽകുന്നത് സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം 3,610 കോടി രൂപ ഇതിനായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
