ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രക്കാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസ് ഇരുചക്ര വാഹനങ്ങളിൽ ട്രക്കിനെ പിന്തുടർന്ന് പിടികൂടി
ചെന്നൈ: പട്ടാപ്പകൽ ട്രക്ക് മോഷ്ടിച്ചയാളെ 15 കിലോമീറ്റർ പിന്തുടർന്ന് അതിസാഹസികമായി പിടികൂടി. പൊലീസുകാരും നാട്ടുകാരും ട്രക്കിനെ പിന്തുടരുകയായിരുന്നു. തമിഴ്‌നാട്ടിലെ ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രക്കാണ് മോഷ്ടിക്കപ്പെട്ടത്.
കേളമ്പാക്കത്ത് നിന്നുള്ള അൻപ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. ഫാസ് ടാഗ് റീചാർജ് ചെയ്യുന്നതിനായി പരന്നൂർ ടോൾ പ്ലാസയ്ക്ക് സമീപം ട്രക്ക് നിർത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവം നടന്നത്. ഡ്രൈവർ അൽപ്പനേരം മാറി നിന്നപ്പോൾ, ഒരു അജ്ഞാതൻ വാഹനത്തിൽ കയറി ചെന്നൈ ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോയി.
ഞെട്ടിപ്പോയ ഡ്രൈവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. സിംഗപ്പെരുമാൾ കോവിലിലും മഹീന്ദ്ര സിറ്റിയിലും നിലയുറപ്പിച്ച പട്രോളിംഗ് യൂണിറ്റുകളെ അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ ഇരുചക്ര വാഹനങ്ങളിൽ ട്രക്കിനെ പിന്തുടർന്നു.
ഓട്ടത്തിനിടെ ട്രക്കിന്‍റെ വേഗത കുറഞ്ഞപ്പോൾ, ഒരു ട്രാഫിക് കോൺസ്റ്റബിൾ വാഹനത്തിൽ പറ്റിപ്പിടിച്ച് കയറി. അപ്പോഴേക്കും ട്രക്ക് മോഷ്ടാവ് അപകടകരമായ രീതിയിൽ വാഹനമോടിക്കാൻ തുടങ്ങി. കോണ്‍സ്റ്റബിൾ ട്രക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഒരു ട്രാഫിക് സിഗ്നലിനടുത്ത് ട്രക്ക് എത്തിയപ്പോൾ, മോഷ്ടാവ് സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ ആ തന്ത്രം വിജയിച്ചില്ല. ട്രക്ക് സിമന്റ് കട്ടകളിൽ ഇടിച്ചു. 15 കിലോമീറ്റർ നീണ്ട ഓട്ടത്തിന് ശേഷം ട്രക്ക് നിന്നു. അവിടെയുണ്ടായിരുന്ന ജനങ്ങളുടെ സഹായത്തോടെ പൊലീസ് ട്രക്ക് മോഷ്ടാവിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ഇയാൾ എന്തിന് ട്രക്ക് മോഷ്ടിച്ചു എന്നറിയാൻ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.


