ദില്ലി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്ന് ധാരണാ പത്രങ്ങളിൽ ഒപ്പു വച്ചു. വിപുലമായ വ്യാപാര കരാറിൻ്റെ കാര്യത്തിലും ധാരണയായതായി ഇരു നേതാക്കളും അറിയിച്ചു. 

സമഗ്ര ആഗോള തന്ത്ര പ്രധാന സഹകരണം ആയി ഇന്ത്യ അമേരിക്ക ബന്ധം ഉയർത്തുമെന്ന പ്രഖ്യാപനമാണ് ഇരു നേതാക്കളും നടത്തിയിരിക്കുന്നത്. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, വൈദ്യ ശാസ്ത്ര ഉപകരണങ്ങളും ഗുണമേന്മ ഉറപ്പാക്കൽ, പ്രകൃതിവാതക നീക്കത്തിന് ഐഓസി-എക്സോൺമൊബിൽ സഹകരണം എന്നിവയിലാണ് ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാറൊപ്പിട്ടത്. വിശാലമായ വ്യാപാരക്കരാ‌ർ അണിയറിലാണെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്. 

22,000 കോടി രൂപയുടെ പ്രതിരോധ കരാറും വൈകാതെ യാഥാർത്ഥ്യമാകുമെന്നാണ് സൂചന. 24 സീ ഹോക്ക് ഹെലികോപ്റ്ററുകളും, ആധുനിക പ്രതിരോധ ഉപകരണങ്ങളും അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങുന്ന കാര്യത്തിലാണ് ചര്‍ച്ച തുടരുന്നത്. രാജ്യ തലസ്ഥാനത്തിന് മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കുന്ന പ്രതിരോധ സംവിധാനത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറ്റം എളുപ്പമാക്കുന്നത ബിഇസിഎ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ ഓപ്പറേഷൻ അഗ്രിമന്‍റ്) കരാറിന്‍റെ കാര്യത്തിലും ചർച്ച നടന്നതായാണ് സൂചന.

ആന്ധ്ര പ്രദേശിലെ ആയിരത്തിഒരുന്നൂറ് മെഗാവാട്ടിന്‍റെ ആറ് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നിലവിൽ ധാരണയായിട്ടില്ല. യുഎസ് ഇന്ത്യ സമഗ്ര വ്യാപാര കരാർ ഇപ്പോഴും അന്തിമ രൂപത്തിലേക്ക് അടുത്തിട്ടില്ലെങ്കിലും വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പിൻവലിക്കാൻ ഇന്ത്യ സമർദ്ദം ചെലുത്തിയെന്നാണ് റിപ്പോ‍ർട്ട്. 

അഞ്ച് കരാറുകളിലെങ്കിലും ഒപ്പു വക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഊര്‍ജ്ജ സഹകരണ രംഗത്ത് ശക്തമായ സഹകരണത്തിനൊപ്പം വിശാല വ്യാപാര മേഖലയിലും ചര്‍ച്ചകൾ തുടരും. ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദത്തിന് ഒപ്പം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ഊഷ്മളമാക്കാൻ ട്രംപിന്‍റെ ഇന്ത്യൻ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞെന്നണ് വിലയിരുത്തൽ.  വ്യവസായ പ്രമുഖരുമായും അമേരിക്കൻ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് ട്രംപ് വാര്‍ത്താ സമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.