ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രംഗത്തെത്തി. കഴി‍ഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചിരുന്നു

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തലിൽ അമേരിക്ക ഇടപെട്ടുവെന്ന അവകാശ വാദം വീണ്ടും ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്കാണ് നീങ്ങിയിരുന്നതെന്നും ട്രംപ് ആവര്‍ത്തിച്ചു. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തങ്ങളാണ് അവസാനിപ്പിച്ചതെന്നും അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും ട്രംപ് ആവര്‍ത്തിച്ചു. എന്നാൽ, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്ഥാന്‍റേതാണോ എന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പും ഇതേ അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

ഏറ്റവും ഒടുവിലായി അഞ്ച് യുദ്ധവിമാനങ്ങള്‍ അവര്‍ വെടിവെച്ചിട്ടതോടെ താൻ വിളിച്ച് കൂടുതൽ വ്യാപാര ഇടപാടുകള്‍ നടത്താമെന്നും അല്ലെങ്കിൽ മോശം സാഹചര്യത്തിലേക്ക് നീങ്ങുമെന്നും പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. രണ്ടു രാജ്യങ്ങള്‍ക്കും ആണവശക്തിയുണ്ടെന്നും ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നുവെന്നും എന്നാൽ, താൻ അത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങാതെ സംഘര്‍ഷം അവസാനിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, കഴിഞ്ഞ 73 ദിവസത്തിനിടെ ഇപ്പോഴത്തെ അവകാശ വാദം അടക്കം ട്രംപ് 25 തവണയാണ് വെടിനിര്‍ത്തലിന് ഇടപെട്ടുവെന്ന് ആവര്‍ത്തിക്കുന്നതെന്നും എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രേ മോദി മൗനം തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

പഹൽഗാം ഭീകരാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിലും പാര്‍ലമെന്‍റിൽ ചര്‍ച്ച നടത്തുന്നതിന് മോദി സര്‍ക്കാര്‍ കൃത്യമായ തീയതി നൽകാതെ നിഷേധാത്മക നിലപാട് തുടരുന്നതിനിടെയാണ് ട്രംപിന്‍റെ അവകാശ വാദം സിൽവര്‍ ജൂബിലിയിലെത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. എക്സിൽ കുറിച്ച പോസ്റ്റിലാണ് ട്രംപിന്‍റെ അവകാശവാദവുമായി ബന്ധപ്പെട്ട് ജയറാം രമേശ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

73 ദിവസത്തിനിടെ 25 തവണയാണ് ട്രംപ് വെടിനിര്‍ത്തലിന് ഇടപെട്ടുവെന്ന് അവകാശപ്പെടുന്നത്. എന്നാൽ, ഈ സമയവും പ്രധാനമന്ത്രി മൗനത്തിലാണ്. വിദേശരാജ്യങ്ങളിൽ പോകാൻ മാത്രം സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

ട്രംപിന്‍റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ട്രംപ് പറഞ്ഞ അഞ്ച് യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുൽ ചോദിച്ചു. രാജ്യത്തിന് അത് അറിയാനുള്ള അവകാശമുണ്ടെന്നും രാഹുൽ എക്സിൽ കുരിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ചോദ്യം.