വാഷിംഗ്ടണ്‍: അഹമ്മദാബാദിലെ റോഡ് ഷോയ്ക്ക് ഒരു കോടി ആളുകള്‍ എത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി 24നാണ് അഹമ്മദാബാദില്‍ ട്രംപും മോദിയും 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുന്നത്. ഷോയില്‍ ഏകദേശം ഒന്നോ രണ്ടോ ലക്ഷം ആളുകള്‍ മാത്രമേ പങ്കെടുക്കൂവെന്ന് അഹമ്മദാബാദ് നഗരസഭ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച വരെ പരിപാടിയില്‍ പങ്കെടുക്കാന്‍ ലക്ഷം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 

'ഒരു കോടി ആളുകള്‍ അവിടെയുണ്ടാകുമെന്നാണ് ഞാന്‍ കേട്ടത്. റോഡ് ഷോയിലും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായി നടക്കുന്ന പരിപാടിയില്‍ 60 ലക്ഷം മുതല്‍ ഒരുകോടി ആളുകള്‍ ഉണ്ടാകുമെന്നാണ് അവര്‍ പറഞ്ഞത്'.-കൊളറാഡോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് ആവര്‍ത്തിച്ചു.

ആശംസകളേകാന്‍ ഒരു കോടി ആളുകള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്നും വലിയ ജനക്കൂട്ടം തനിക്ക് സംതൃപ്തിയല്ലെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേര്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നല്‍കിയെന്നായിരുന്നു ട്രംപ് പറഞ്ഞത്. പിന്നീടാണ് പരിപാടിയില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് അഹമ്മദാബാദ് കോര്‍പറേഷന്‍ കമ്മീഷണര്‍ വ്യക്തമാക്കിയത്. ഏകദേശം രണ്ട് ലക്ഷം ആളുകള്‍ റോഡ് ഷോയ്ക്കും ഒരു ലക്ഷം ആളുകള്‍ മൊട്ടേര സ്റ്റേഡിയത്തിലുമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ വ്യക്തമാക്കി.