മുംബൈ: ലോക്ക് ഡൗണിന് ശേഷം ആദ്യമായി ഫെബ്രുവരി ഒന്നിന് മുംബൈയില്‍ സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. സര്‍വീസ് പുനരാരംഭിച്ച് ആദ്യദിനം തന്നെ ബോറിവാലി സ്റ്റേഷനില്‍ യാത്രക്കാരുടെ തിക്കുംതിരക്കുമുണ്ടായോ. ബോറിവാലിയിലെ ദൃശ്യങ്ങള്‍ എന്ന് ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത എന്ത്?

പ്രചാരണം

'ബോറിവാലിയില്‍ സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിവസത്തെ കാഴ്‌ച' എന്ന തലക്കെട്ടിലാണ് 20 സെക്കന്‍ഡ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ജനക്കൂട്ടം ഇരുവശങ്ങളില്‍ നിന്നും ട്രെയിനുകളിലേക്ക് ഏന്തിവലിഞ്ഞ് കയറാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍. ഇതോടെ സബര്‍ബന്‍ ട്രെയിനുകളെ സ്ഥിരമായി ആശ്രയിക്കാറുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ ആശങ്കയിലായി. 

 

വസ്‌തുത

പ്രചരിക്കുന്ന വീഡിയോ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പഴക്കമുള്ള വീഡിയോയാണ് ഇപ്പോഴത്തേത് എന്ന പേരില്‍ പ്രചരിക്കുന്നത്. ഈ ദൃശ്യം 2016 മാര്‍ച്ച് 12ന് യൂട്യൂബില്‍ പ്രസിദ്ധീകരിച്ചതായി കാണാം. 

മാത്രമല്ല, നിലവില്‍ ബോറിവാലി സ്റ്റേഷനിലെ സാഹചര്യം വീഡിയോയില്‍ കാണുന്നത് പോലെയല്ല എന്ന് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിട്ടുമുണ്ട്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും എവിടേയും ഇത്രയധികം തിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും വെസ്റ്റേണ്‍ റെയില്‍വേ ആര്‍പിഎഫ് ട്വീറ്റ് ചെയ്തു. 

നിഗമനം

മുംബൈയിലെ ബോറിവാലി റെയില്‍വേ സ്റ്റേഷനില്‍ സബര്‍ബന്‍ സര്‍വീസ് പുനരാരംഭിച്ച ദിവസംതന്നെ തിക്കുംതിരക്കും എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് വിഭാഗമാണ് വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത വെളിച്ചത്തുകൊണ്ടുവന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​
​​