ചൈന: ''ചൈനയിലെ കമ്യൂണിസ്റ്റുകാർക്ക് തോക്കുകളുടെ ശക്തിയാണുള്ളത്. എന്നാൽ ടിബറ്റൻ ജനതയുടെ ശക്തി സത്യത്തിന്റേതാണ്. തോക്കുകളേക്കാൾ ശക്തി സത്യത്തിനാണെന്ന് വിശ്വസിക്കുന്നു.'' ക്രിസ്​തുമസ്​ സന്ദേശത്തിലായിരുന്നു ടിബറ്റൻ ആത്മീയാചാര്യൻ​ ദലൈലാമ ഈ പരാമർശം നടത്തിയത്​. ''ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ളത് ചൈനയിലാണ്. തങ്ങളുടെ മതമാണ് ഏറ്റവും ശാസ്ത്രീയമെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ, ഞങ്ങൾക്ക്​ സത്യത്തിൻെറ ശക്​തിയാണുള്ളത്​. ചൈനയിലെ കമ്യൂണിസ്​റ്റ്​ സർക്കാറിന്​ തോക്കുകളുടെ ശക്​തിയും. കാലം കഴിയുമ്പോൾ സത്യത്തിൻെറ ശക്​തിയായിരിക്കും തോക്കുകളുടെ ശക്​തിയെക്കാൾ ദൃഢമാകുക.'' അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

''മനുഷ്യനെന്ന നിലയിൽ സന്തുഷ്ടവും സമാധാനപരവും സംതൃപ്തവുമായി ജീവിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. ഹൃദയാർദ്രതയിലും കരുണയിലുമാണ് സമാധാനം നിലനിൽക്കുന്നത്. എല്ലാ മനുഷ്യരും ജന്മം കൊണ്ട് കരുണയുള്ളവരാണ്. എന്നാൽ തങ്ങൾക്ക് ചുറ്റുമുള്ള ഭൗതിക വസ്തുക്കളിലാണ് മനുഷ്യര്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൗതിക വസ്​തുക്കൾ ക്ഷണികങ്ങളാണ്​. ഉദാഹരണത്തിന്​, ഒരാൾ കോടീശ്വരനാണെന്ന്​ കരുതുക. അദ്ദേ​ഹം മാനസികമായി ചിലപ്പോൾ അസന്തുഷ്ടനായിരിക്കും.'' സന്തോഷമെന്നത് മനസ്സിന്റെ ശാന്തിയാണെന്നും ദലൈലാമ കൂട്ടിച്ചേർത്തു. ''ഇന്ന് ഓരോ മനുഷ്യനും മതത്തിന്റെ പേരിൽ പരസ്പരം കൊന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാ മതങ്ങളും സ്നേഹത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന വസ്തുത മനസ്സിലാക്കണം. മതേതരത്വം സൃഷ്ടിക്കാനാണ് എല്ലാ മതങ്ങളും ശ്രമിക്കേണ്ടത്.'' ദലൈലാമ ക്രിസ്മസ്  സന്ദേശത്തിൽ പറഞ്ഞു.