ട്രെയിനിൽ യാത്ര ചെയ്യാൻ തനിക്ക് ടിക്കറ്റ് വേണ്ടെന്ന് ടിടിഇയോട് വാദിക്കുന്ന നിഹാംഗ് സിഖ് യാത്രക്കാരന്റെ വീഡിയോ വൈറലാണ്. പിന്നാലെ റെയിൽവെ സേവ പ്രതികരിച്ചു.
ട്രെയിനിൽ ടിക്കറ്റ് പരിശോധിക്കാൻ വന്ന ടിടിഇയും യാത്രക്കാരനും തമ്മിലുള്ള സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റിസർവേഷൻ വിശദാംശങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ആവശ്യമില്ല എന്നായിരുന്നു യാത്രക്കാരന്‍റെ മറുപടി. അടുത്തിരുന്ന മറ്റൊരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത്.
പരമ്പരാഗത വസ്ത്രം ധരിച്ച നിഹാംഗ് സിഖുകാരനോടാണ് ടിക്കറ്റ് കാണിക്കാൻ ടിടിഇ ആവശ്യപ്പെട്ടത്. ട്രെയിനുകളിൽ യാത്ര ചെയ്യാൻ തനിക്ക് ടിക്കറ്റ് വേണ്ടെന്നും നിഹാംഗ് സിഖാണ് താനെന്നുമാണ് യാത്രക്കാരൻ പറഞ്ഞത്. അപ്പോൾ നിങ്ങളുടെ സീറ്റ് ഏതാണെന്ന് ടിടിഇ ചോദിച്ചു. നിഹാംഗുകൾക്ക് ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്യേണ്ടതില്ല എന്ന മറുപടി യാത്രക്കാരൻ ആവർത്തിച്ചു.
എങ്ങോട്ടാണ് യാത്ര എന്നു ചോദിച്ചപ്പോൾ ബിഹാറിലെ ബക്സറിലേക്കാണെന്ന് യാത്രക്കാരൻ പറഞ്ഞു. ജനറൽ ടിക്കറ്റ് ഉണ്ടോ, ഒറ്റയ്ക്കാണോ യാത്ര എന്നും ടിടിഇ ചോദിച്ചു. ടിക്കറ്റ് വേണ്ടെന്ന് തെളിയിക്കാൻ എന്തെങ്കിലും രേഖ കയ്യിലുണ്ടോയെന്ന് ടിടിഇ ചോദിച്ചു. നിഹാംഗ് സിഖുകാർക്ക് ലൈസൻസ് ഉണ്ട് എന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആൾ പറഞ്ഞു. അതേസമയം യാത്രക്കാരൻ ബാഗിൽ നിന്ന് എന്തോ എടുക്കാൻ തുടങ്ങുന്നതു വരെയേ വീഡിയോ ഉള്ളൂ. പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. ടിടിഇ പിഴയടപ്പിച്ചോ എന്നറിയില്ല.
വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ, 'റെയിൽവേ സേവ' വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. ട്രെയിൻ നമ്പർ, സംഭവം നടന്ന തീയതി, യാത്രാ വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ മെസേജ് ചെയ്യാനാണ് റെയിൽവേ സേവ ആവശ്യപ്പെട്ടത്.
നിഹാംഗ് സിഖുകാർക്ക് ട്രെയിൻ യാത്ര സൌജന്യമാണോ?
നിഹാങ് സിഖുകാർ അവരുടെ വ്യത്യസ്തമായ ഐഡന്‍റിറ്റി, ആയോധന ചരിത്രം, നീല വസ്ത്രം, പാരമ്പര്യങ്ങൾ തുടങ്ങി പല പ്രത്യേകതകളും ഉള്ളവരാണ്. എന്നാൽ ഇന്ത്യൻ റെയിൽവേ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവാദം നൽകിയിട്ടില്ല. വിദ്യാർത്ഥികൾ, ഭിന്നശേഷിയുള്ള യാത്രക്കാർ അല്ലെങ്കിൽ മുതിർന്ന പൗരന്മാർ തുടങ്ങി ചില വിഭാഗങ്ങൾക്ക് യാത്രാ ഇളവുകൾ ഉണ്ട്. എന്നാൽ ഈ ഇളവുകൾ ലഭിക്കാനും എപ്പോഴും ടിക്കറ്റോ രേഖകളോ കൈവശം വയ്ക്കേണ്ടതുണ്ട്.


