വന്ദേ ഭാരത് ട്രെയിനിൽ 750 രൂപയുടെ ടിക്കറ്റ് 380 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത ടിടിഇയെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പി.കെ മിശ്ര എന്ന ജീവനക്കാരനെതിരെ റെയിൽവെ നടപടിയെടുത്തത്.
ദില്ലി: വന്ദേ ഭാരത് ട്രെയിനിൽ 700 രൂപയുടെ ടിക്കറ്റ് 380 രൂപയ്ക്ക് നൽകാമെന്ന് യാത്രക്കാരനോട് പറഞ്ഞ ടിടിഇയ്ക്ക് സസ്പെൻഷൻ. ടിടിഇ അറിയാതെ യാത്രക്കാരൻ പകർത്തിയ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പി.കെ മിശ്ര എന്ന ജീവനക്കാരനെ റെയിൽവെ സസ്പെൻ്റ് ചെയ്തു. ഘർ കെ കലേഷ് (Ghar Ke Kalesh) എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പുറത്തുവന്നത്. ഔദ്യോഗികമായി ടിക്കറ്റെടുത്താൽ 750 ആകുമെന്നും താൻ ഇടപെട്ട് 380 രൂപയ്ക്ക് ശരിയാക്കിത്തരാമെന്നും ടി.ടി.ഇ പറയുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
ടി.ടി.ഇ നിരക്ക് കുറച്ചു പറയുന്നത് യാത്രക്കാരൻ തന്റെ ഫോണിൽ രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയ ആളാണ് യാത്രക്കാരനെന്ന് സംശയമുണ്ട്. ദനാപുർ റെയിൽവെ ഡിവിഷൻ പരിധിയിലാണ് സംഭവം നടന്നത്. യാത്രക്കാരൻ പുറത്തുവിട്ട വീഡിയോ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ അഴിമതി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ റെയിൽവെ, ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയായിരുന്നു.


