ജഡ്ജിമാരുടെ നിയമനത്തിൽ ഗുരുതരമായ വീഴ്ച വരുത്തുന്നത് സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളാണെന്നാണ് കേന്ദ്ര നിയമമന്ത്രാലയം ആരോപിക്കുന്നത്. എന്നാല്‍ കൊളീജിയം ശുപാര്‍ശകളിൽ കേന്ദ്രം തീരുമാനം എടുക്കുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

ജഡ്ജി നിയമനത്തെ ചൊല്ലി സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ജഡ്ജിമാരുടെ നിയമനത്തിൽ ഗുരുതരമായ വീഴ്ച വരുത്തുന്നത് സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളാണെന്നാണ് കേന്ദ്ര നിയമമന്ത്രാലയം ആരോപിക്കുന്നത്. എന്നാല്‍ കൊളീജിയം ശുപാര്‍ശകളിൽ കേന്ദ്രം തീരുമാനം എടുക്കുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

ഹൈക്കോടതികളിൽ 1080 ജഡ്ജിമാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് 668 പേരാണ്. 34 ജഡ്ജിമാര്‍ വേണ്ട സുപ്രീംകോടതിയിലുള്ളത് 29 പേരും. ഹൈക്കോടതികളിലെ ഒഴിവുകൾ നികത്താൻ വിരമിച്ച ജഡ്ജിമാരെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു. 45 പേരുകൾ ഇതിനായി ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്ര തീരുമാനം വൈകുന്നു. സ്ഥിരം ജഡ്ജിമാരുടെ നിയമനത്തിനായി നൽകിയ 10 പേരുകളും അംഗീകരിച്ചിട്ടില്ല. എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 

ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി വരുന്നത്. 2018ന് ശേഷം ജഡ്ജിമാരുടെ നിയമനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയത് സുപ്രീംകോടതിയും ഹൈക്കോടതിയുമാണ്. 2018ൽ ഹൈക്കോടതികളിൽ 687 ജഡ്ജിമാരാണ് ഉണ്ടായത്. 2020ൽ എണ്ണം കൂടുന്നതിന് പകരം 668 ആയി കുറഞ്ഞു. ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാൻ അതത് സമയത്ത് കൊളീജിയം നടപടിയെടുക്കാത്തതാണ് പ്രശ്നമെന്നും കേന്ദ്രം ആരോപിക്കുന്നു. 

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണം നാളെ സുപ്രീംകോടതി പരിശോധിച്ചേക്കും. ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി മുമ്പും സര്‍ക്കാരും കോടതിയും ഏറ്റുമുട്ടിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഉത്തരവിറക്കുമെന്ന ഭീഷണി വരെ സുപ്രീംകോടതി മുഴക്കിയിരുന്നു.