Tedros Ghebreyesus ഇന്ത്യൻ സന്ദർശനത്തിലുള്ള ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന് ബുധനാഴ്ച  ഒരു ഗുജറാത്തി പേര്  ലഭിച്ചു. 'തുളസി ഭായ്', പേരിട്ടത് മറ്റാരുമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇന്ത്യൻ സന്ദർശനത്തിലുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന് (Tedros Ghebreyesus) ബുധനാഴ്ച ഒരു ഗുജറാത്തി പേര് ലഭിച്ചു. 'തുളസി ഭായ്', പേരിട്ടത് മറ്റാരുമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഗാന്ധിനഗറിൽ ത്രിദിന ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നവേഷൻ ഉച്ചകോടി യിൽ സംസാരിക്കവെ ആയിരുന്നു മോദി ടെഡ്രോസിന് പുതിയ പേര് നിർദ്ദേശിച്ചത്.

ടെഡ്രോസ് എന്റെ നല്ല സുഹൃത്താണ്. ഇന്ത്യൻ അധ്യാപകരാണ് എന്നെ പഠിപ്പിച്ചതെന്നും അവർ കാരണമാണ് ഞാൻ ഇവിടെയെന്നും അദ്ദേഹം എന്നോട് എപ്പോഴും അദ്ദേഹം പറയാറുണ്ട്. ഇന്ന് അദ്ദേഹം എന്നോട് പറഞ്ഞു - 'എനിക്ക് ഒരു പക്കാ ഗുജറാത്തിയായി ഒരു പേരിടാമോയന്ന്, ചോദ്യത്തിന് മറുപടിയായി 'തുളസി ഭായ്' എന്ന പേര് ഞാൻ അദ്ദേഹത്തിന് നിർദ്ദേശിക്കുകയാണ് എന്നായിരുന്നു മോദിയുടെ വാക്കുകൾ.

ഒപ്പം ഏറെ ആയുർവേദ ഗുണങ്ങളുള്ള തുളസിയെ കുറിച്ച് മോദി വിശദീകരിക്കുകയും ചെയ്തു. ആധുനിക തലമുറ മറക്കുന്ന ഒരു ചെടിയാണ് തുളസി. തലമുറകളായി ഞങ്ങൾ തുളസിയെ ആരാധിക്കുന്നുണ്ട്. ഇന്ത്യയുടെ പൈതൃകത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് തുളസി. ഗുജറാത്തി പേരെന്നാൽ 'ഭായ്' എങ്ങനെ നമുക്ക് മാറ്റി നിർത്താനാകും എന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്തി ഭാഷയില്‍ സംസാരിച്ചുകൊണ്ട് ടെഡ്രോസ് തന്റെ ഗുജറാത്തി സ്നേഹം പ്രകടിപ്പിച്ചിരുന്നു.

ടെഡ്രോസിനെ കൂടാതെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡാവിയ, ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, വനിതാ ശിശു വികസന സഹമന്ത്രി മുഞ്ചപ്പാറ മഹേന്ദ്രഭായ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.