പ്രിയങ്കയുടെ മൊഴികളിലെ വൈരുധ്യത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തുകൊണ്ടുന്നത്. അജ്ഞാതരായ കൊള്ളക്കാർ വീട്ടിൽ അതിക്രമിച്ചു കയറി 3.5 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചുവെന്നും ഭർത്താവ് എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമാണ് പ്രിയങ്ക പുരോഹിത് ആദ്യം പോലീസിനോട് പറഞ്ഞത്.

ഭോപ്പാൽ: മധ്യപ്രദേശിലെ ധാറിൽ സുഗന്ധവ്യഞ്ജന വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടെന്ന് ഭാര്യ മൊഴി നൽകിയ വ്യാപാരിയുടെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ 7-ന് രാത്രിയാണ് 28-കാരനായ പുരോഹിത് ദേവ്കൃഷ്ണ സ്വന്തം വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ കൊള്ളസംഘം വീട് ആക്രമിച്ച് മൂന്നര ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നെന്നും തടയാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തിയെന്നുമാണ് ഭാര്യ പൊലീസിന് മൊഴി നൽകിയത്. എന്നാൽ അന്വേഷണത്തിൽ ഭാര്യ പ്രിയങ്കയും കാമുകനും ചേർന്ന് പുരോഹിത് ദേവ്കൃഷ്ണയെ അതിക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.

പ്രിയങ്കയുടെ മൊഴികളിലെ വൈരുധ്യത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തുകൊണ്ടുന്നത്. അജ്ഞാതരായ കൊള്ളക്കാർ വീട്ടിൽ അതിക്രമിച്ചു കയറി 3.5 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചുവെന്നും ഭർത്താവ് എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമാണ് പ്രിയങ്ക പുരോഹിത് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ മോഷണം പോയെന്ന് പറഞ്ഞ ആഭരണങ്ങൾ പൊലീസ് വീട്ടിൽ നിന്നും കണ്ടെത്തി. പ്രിയങ്കയുടെ ഫോൺ പരിശോധിച്ചപ്പോൾ ജ്ഗഢ് സ്വദേശിയായ കമലേഷ് പുരോഹിത് എന്ന യുവാവുമായി വഴിവിട്ട ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു. വീട്ടുകാരുടെ മൊഴിയെടുത്തപ്പോൾ കൊല്ലപ്പെട്ട ദേവ് കൃഷ്ണയെ നിറത്തിന്‍റെ പേരിൽ പ്രിയങ്ക അധിക്ഷേപിക്കാറുണ്ടെന്നും പൊലീസിന് വിവരം കിട്ടി.

'നിനക്ക് കറുത്ത നിറമാണ്, നീ എന്നെ അർഹിക്കുന്നില്ല' എന്ന് പറഞ്ഞ് പ്രിയങ്ക ഭർത്താവ് ദേവ്കൃഷ്ണയെ പരിഹസിക്കുകയും നിരന്തരം അപമാനിക്കുമായിരുന്നുവെന്നും സഹോദരി ജ്യോതി പൊലീസിനോട് പറഞ്ഞു. 2020 മുതൽ പ്രിയങ്കയ്ക്ക് മറ്റൊരു ബന്ധമുള്ളതായി കുടുംബത്തിന് സംശയമുണ്ടായിരുന്നുവെന്നും ഇവർ മൊഴി. ഇതോടെ പൊലീസ് പ്രിയങ്കയെ വീണ്ടും ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രിയങ്ക കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകന്‍റെ സഹായത്തോടെ ഭ‍ർത്താവിനെ കൊലപ്പെടുത്താൻ വാടക ഗുണ്ടയ്ക്ക് ക്വട്ടേഷൻ നൽകിയെന്ന് യുവതി പൊലീസിനോട് കുറ്റസമ്മതം നടത്തി.

കാമുകൻ കമലേഷ് വഴി ഒരു ലക്ഷം രൂപക്ക് സുരേന്ദ്ര ഭാട്ടി എന്ന ഗുണ്ടയ്ക്ക് ഭ‍ർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. 50000 രൂപ അഡ്വാൻസായി നൽകി. കൊലപാതകം നടത്താൻ തീരുമാനിച്ച ദിവസം പ്രിയങ്ക രാത്രിയിൽ വീടിന്റെ മുൻവാതിൽ തുറന്നിട്ടു. വീടിനുള്ളിൽ കടന്ന സുരേന്ദ്ര ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ്കൃഷ്ണയെ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേവ്കൃഷ്ണ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ശേഷം സംഭവം കവർച്ചയാണെന്ന് വരുത്തി തീർക്കാൻ പ്രിയങ്ക ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ വീട് മുഴുവൻ വലിച്ച് വാരിയിട്ട യുവതി സ്വയം കെട്ടിയിട്ട് നന്നെയും ആക്രമിച്ചെന്ന് ബന്ധുക്കൾക്കും പൊലീസിനും മുന്നിൽ വരുത്തി തീർത്തു. എന്നാൽ മോഷ്ടിക്കപ്പെട്ടന്ന് പ്രിയങ്ക പറഞ്ഞ സ്വർണ്ണം വീട്ടിനുള്ളിൽ നിന്നും കണ്ടെടുത്തതോടെയാണ് പൊലീസിന് സംശയം തോന്നിയത്. സംഭവത്തിൽ പ്രിയങ്കയേയും കാമുകനായ കമലേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഗുണ്ട സുരേന്ദ്രക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.