പാമ്പുകൾക്കാണ് രാജ്യം പാൽ നൽകുന്നത്. അപ്പോൾ തിരിച്ച് പാമ്പ് കടിയേൽക്കുന്നതിൽ അത്ഭുതമില്ലെന്നാണ് മുതിർന്ന ഗവേഷകനായ സുഷാന്ത് സരീൻ വിമർശിക്കുന്നത്
ദില്ലി: പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കിയുമായുള്ള സഹകരണം തുടരുന്നതിൽ ഇന്ത്യയ്ക്ക് ദേശീയ സുരക്ഷാ വിദഗ്ധരിൽ നിന്ന് വിമർശനം. കശ്മീർ വിഷയത്തിൽ പാക് നിലപാടിനെ തുടർച്ചയായി ന്യായീകരിക്കുന്ന തുർക്കിയുടെ നയമാണ് രൂക്ഷ വിമർശനത്തിന് കാരണമായിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ ഇൻഡിഗോയും ടർക്കിഷ് എയർലൈൻസും തമ്മിലുള്ള കോഡ്‌ഷെയർ കരാർ പ്രകാരം തുർക്കിക്ക് വലിയ ലാഭമുണ്ടാവുന്നുവെന്നതാണ് നിലവിൽ വിമർശനം രൂക്ഷമാകാൻ കാരണമായിട്ടുള്ളത്. ഇൻഡിഗോയും ടർക്കിഷ് എയർലൈനും സംയുക്തമായി 30ലധികം സർവ്വീസുകളാണ് അമേരിക്ക, യൂറോപ്പ് ലക്ഷ്യമാക്കി നടത്തുന്നത്. എന്നാൽ ഈ പങ്കാളിത്തത്തിൽ കൂടുതൽ ലാഭം നേടുന്നത് ടർക്കിഷ് എയർലൈനാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
ഇന്ത്യയുടെ ഈ സമീപനമാണ് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുള്ളത്. ഇന്ത്യ ഗൗരവമുള്ള രാജ്യമല്ലെന്നും പാമ്പുകൾക്കാണ് രാജ്യം പാൽ നൽകുന്നത്. അപ്പോൾ തിരിച്ച് പാമ്പ് കടിയേൽക്കുന്നതിൽ അത്ഭുതമില്ലെന്നാണ് മുതിർന്ന ഗവേഷകനായ സുഷാന്ത് സരീൻ വിമർശിക്കുന്നത്. രാജ്യം സഹായിക്കുന്ന സുഹൃത്തുക്കളെ അവഗണിക്കുന്നു. തുർക്കി പോലുള്ള രാജ്യങ്ങൾ അവരുടെ വിദ്വേഷം ഉപേക്ഷിക്കും എന്ന് നാം സ്വയം ഭ്രമിക്കുന്നു. അവർ നമ്മളിൽ നിന്ന് ലാഭം നേടിയ ശേഷം നമ്മെ തന്നെ പിന്നിൽ നിന്ന് കുത്തുന്നുവെന്നാണ് സുഷാന്ത് സരീൻ വിശദമാക്കുന്നത്.
നവം ക്യാപിറ്റൽ ഉടമയായ രാജീവ് മന്ത്രിയും രാജ്യത്തിന്റെ നിലപാടിൽ വിമർശനം ഉയർത്തുന്നുണ്ട്. നാല് വർഷങ്ങൾക്ക് മുൻപ് ബേയ്കർ ഡ്രോണുകൾ പാകിസ്ഥാന് ആണ് നൽകുകയെന്നും ഇന്ത്യയ്ക്ക് അല്ലെന്നും വിശദമാക്കിയ രാജ്യമാണ് തുർക്കിയെന്നും രാജീവ് മന്ത്രി വിശദമാക്കുന്നത്. ഇതേ ഡ്രോണുകൾ ബംഗ്ലാദേശിനും തുർക്കി നൽകി. എന്നാൽ ഇന്ത്യ എന്താണ് ചെയ്യുന്നത്. രാജ്യത്തെ എയർലൈനുകൾക്ക് ടർക്കിഷ് എയർലൈനുകളുമായി സംയുക്ത സർവ്വീസ് നടത്താൻ അനുമതി നൽകുന്നുവെന്നാണ് രാജീവ് മന്ത്രി വിമർശിക്കുന്നത്.
കോഡ്‌ഷെയർ കരാർ യാത്രക്കാർക്ക് ഇതിൽ ഏത് വിമാനക്കമ്പനിയിലൂടെയും ബുക്കിംഗ് നടത്തുകയും ന്യൂയോർക്ക്, ബോസ്റ്റൺ, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ഹ്യൂസ്റ്റൺ, അറ്റ്ലാന്റ തുടങ്ങിയ പ്രധാന യു.എസ് നഗരങ്ങൾ ഉൾപ്പെടുന്ന ഗതാഗത ശൃംഖലയിലായി യാത്ര ചെയ്യാൻ സാധിക്കും. 2024 ഡിസംബർ വരെ, ഇൻഡിഗോയ്ക്ക് ഒൻപത് അന്താരാഷ്ട്ര എയർലൈൻ കമ്പനികളുമായി സമാനമായ കരാറുകൾ ഉണ്ടായിരുന്നു. ഞായറാഴ്ച 6 ടര്‍ക്കിഷ് സൈനിക ഗതാഗത വിമാനങ്ങള്‍ പ്രതിരോധ സാമഗ്രികളുമായി പാകിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ വിമർശനം രാജ്യത്തിനുള്ളിൽ തന്നെ രൂക്ഷമാവുന്നത്. ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിരോധ സാമഗ്രഹികളുമായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെത്തിയതായി റിപ്പോർട്ട് വന്നത്.


