ടിവികെ നേതാവ് കണ്ണൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയാണ് സംഭവത്തിന് പിന്നിലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഉദയനിധി ആവശ്യപ്പെട്ടു

ചെന്നൈ: അഡയാറിൽ ടി വി കെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വ്യക്തമാക്കുന്ന സംഭവമാണ് കണ്ണന്‍റെ കൊലപാതകമെന്ന് ഉദയനിധി വിമർശിച്ചു. സ്വന്തം ജീവൻ സംരക്ഷിക്കാൻ ടി വി കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം വിമർശിച്ചു. ഡി എം കെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ ടി വി കെ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് നാളെ വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെ ആണ് നടുക്കുന്ന കൊലപാതകം സംഭവിച്ചത്.

പ്രതികാര കൊലയെന്ന് പൊലീസ്

തമിഴ്‌നാട് പൊലീസിൻ്റെ ബി കാറ്റഗറി ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെട്ട കണ്ണൻ എന്നയാളാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. അടുത്തിടെയാണ് ഇയാൾ എ ഐ എ ഡി എം കെ വിട്ട് ടി വി കെയിൽ സജീവമായത്. 2009 ൽ ശിവ എന്നയാളുടെ കൊലപാതകത്തിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നുള്ള പ്രതികാര കൊലയാണ് ഇതെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. 2009 ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പ്രതികൾ ഒളിവിൽ പോയി. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.