പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോ നടത്താൻ അനുമതി തേടി ടിവികെ. പൊലീസ് മേധാവിക്ക് കത്ത് നൽകി. അതിനിടെ, മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവെച്ചു. ടിവികെയിൽ നാളെ സെങ്കോട്ടയ്യൻ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.

പുതുച്ചേരി: പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് റോഡ് ഷോ നടത്താൻ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നൽകി. രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തിൽ പറയുന്നത്. റോഡ് ഷോ 8 പോയിന്റുകളിലൂടെ കടന്നുപോകും. പുതുച്ചേരി മുഖ്യമന്ത്രിയും എൻഡിഎ നേതാവുമായ എൻ.രംഗസ്വാമി വിജയ്‌യുടെ ആരാധകൻ കൂടിയാണ്. തമിഴ്നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.

മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവെച്ചു

എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവെച്ചു. വിജയ് അധ്യക്ഷനായ തമിഴകം വെട്രി കഴകത്തിൽ നാളെ സെങ്കോട്ടയ്യൻ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറിയ സെങ്കോട്ടയ്യൻ ഒരു ദിവസം കൂടി കാത്തിരിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, സെങ്കോട്ടയ്യനെ ഒപ്പം നിർത്താൻ ഡിഎംകെ ശ്രമം തുടങ്ങി. ദേവസ്വം മന്ത്രി ശേഖർ ബാബു സെങ്കോട്ടയ്യനുമായി കൂടിക്കാഴ്ച നടത്തി. 9 തവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ , വിവിധ എഐഎഡിഎംകെ സർക്കാരുകളിൽ മന്ത്രി ആയിട്ടുണ്ട്.

YouTube video player