നടൻ വിജയ്‌യുടെ ടിവികെ പാർട്ടി തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവലഭൂരിപക്ഷം ഇല്ലെങ്കിലും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. പുതുച്ചേരിയിലും രണ്ട് സീറ്റുകൾ നേടി ടിവികെ നിർണായക സാന്നിധ്യമായി.

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നേട്ടമുണ്ടാക്കിയ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ആകെയുള്ള 234 സീറ്റിൽ 110 ഇടത്താണ് ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചത്. കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും എഐഎഡിഎംകെയോ, കോൺഗ്രസോ വിജയ്‌യെ പിന്തുണക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങിനെയെങ്കിൽ തമിഴ്‌നാട്ടിൽ അടുത്ത മുഖ്യമന്ത്രിയായി വിജയ് തന്നെ അധികാരത്തിലെത്താനാണ് സാധ്യത. അതേസമയം കന്നിയങ്കത്തിൽ തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ടിവികെ ഇവിടെ രണ്ട് സീറ്റുകളിലാണ് ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചത്.

പുതുച്ചേരിയിൽ ടിവികെയ്ക്ക് അധികാരത്തിലെത്താൻ സാധിച്ചില്ല. കോൺഗ്രസിൽ നിന്ന് രാജിവച്ച എൻ രംഗസ്വാമി ആരംഭിച്ച ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ അധികാരം നിലനിർത്തി. എൻആർ കോൺഗ്രസിന് ആകെയുള്ള 30 ൽ 12 സീറ്റിലാണ് ജയിക്കാനായത്. ഡിഎംകെ അഞ്ച് സീറ്റിൽ വിജയിച്ചു. ബിജെപി നാലിടത്തും വിജയിച്ചു. ഇവിടെയാണ് ടിവികെ നിർണായക ശക്തിയായി പ്രതിപക്ഷത്തേക്ക് എത്തുന്നത്. തിരുഭുവന മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി ശരവണൻ കുമാർ 9740 വോട്ട് നേടി 701 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. മനവേലിയിൽ ടിവികെ സ്ഥാനാർത്ഥി ബി രാമു 13822 വോട്ട് നേടി 3093 വോട്ട് ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ സിപിഎമ്മിനാണ് വിജയം. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ ടി അശോക് കുമാർ 1115 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.