Asianet News MalayalamAsianet News Malayalam

'ജെഎൻയുവിലേക്ക് വരൂ, അവർ കൊല്ലും', പരിഭ്രാന്തരായി വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർക്ക് മർദ്ദനം

ജെഎൻയു ക്യാമ്പസിനകത്ത് നിന്ന് വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും ഭയാനകമാണ്. മുഖം മൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ അക്രമികൾ സബർമതി ഹോസ്റ്റൽ തല്ലിത്തകർത്തു. അധ്യാപകരുടെയടക്കം തല അടിച്ചു പൊളിച്ചു. 

tweets from inside jnu campus students in panic media attacked live updates
Author
New Delhi, First Published Jan 5, 2020, 11:19 PM IST

ദില്ലി: ''ജെഎൻയുവിലേക്ക് വരൂ, പ്രധാനഗേറ്റ് എബിവിപിക്കാരും ബജ്‍രംഗദളുകാരും വളഞ്ഞിരിക്കുകയാണ്. ദേശത്തിന്‍റെ ദ്രോഹികളെ, വെടിവച്ചുകൊല്ലൂ (ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ) എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. ഇവർക്ക് സഹായവുമായാണ് പൊലീസ് നിൽക്കുന്നത്. ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം പൊലീസ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ദൂരം റോഡിൽ ഒരു വെളിച്ചവുമില്ല. ഇവിടേക്ക് വന്ന ആംബുലൻസുകൾ തല്ലിത്തകർത്തു. ഇതെല്ലാം പൊലീസ് നോക്കി നിൽക്കുകയാണ്'', ബോളിവുഡ് താരവും ജെഎൻയു മുൻ വിദ്യാർത്ഥിയുമായ സ്വരാ ഭാസ്കർ അൽപസമയം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നതിങ്ങനെ:

സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റു. ഇന്ത്യാ ടുഡേ മാധ്യമസംഘത്തെ ഗേറ്റിന് പുറത്തുള്ള അക്രമിസംഘം മർദ്ദിച്ചു. കയ്യിലുള്ള ഫോണടക്കം വാങ്ങി നിലത്തെറിഞ്ഞു. ആജ് തകിന്‍റെ മുതിർന്ന മാധ്യമപ്രവ‍ർത്തകൻ അശുതോഷ് മിശ്രയെയും ക്യാമറാമാനെയും ക്രൂരമായി മർദ്ദിച്ചു. തെഹ്സീൻ പൂനാവാലയെ ആക്രമിച്ചു. ഇന്ത്യാ ടുഡേ റിപ്പോർട്ടർ തനുശ്രീ പാണ്ഡേയെ മർദ്ദിച്ച അക്രമികൾ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് കയ്യേറ്റം ചെയ്തു. 

ഇവിടെ അക്രമങ്ങളെക്കുറിച്ച് പറയാനായി പ്രധാനഗേറ്റിന് അകത്തേക്ക് എത്തിയ അധ്യാപകരെയും മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അനുവദിക്കാതെ കയ്യേറ്റം ചെയ്ത് അക്രമികൾ.

വിദ്യാർത്ഥികളെ കാണാനെത്തിയ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെ ഗേറ്റിനടുത്ത് വച്ച് അക്രമികൾ തടഞ്ഞു. ആക്രമിച്ചു. കൈയേറ്റം ചെയ്തു. ഇതെല്ലാം കണ്ടിട്ടും പൊലീസ് നിഷ്ക്രിയരായിരുന്നുവെന്നത് ദൃശ്യങ്ങളിൽ വ്യക്തം. 

ഇപ്പോഴും ഹോസ്റ്റലിനകത്ത് മുഖം മൂടി ധരിച്ച ആളുകളുണ്ടെന്നും അമ്പതോളും ഗുണ്ടകളുണ്ടെന്നും പൊലീസും ഇവരും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പുറത്ത് എന്തെങ്കിലും പോയി പറഞ്ഞാൽ എഫ്ഐആർ ഇട്ട് ഭാവി നശിപ്പിക്കുമെന്നും, കേസെടുക്കുമെന്നും, അകത്തിടുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാർത്ഥികൾ പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് അയച്ച വാട്‍സാപ്പ് ഓഡിയോ സന്ദേശങ്ങളിലുണ്ട്.

ഇതിനിടെ ജെഎൻയുവിൽ അക്രമം നടത്തണമെന്ന് ആഹ്വാനം ചെയ്ത് ആളുകളെ ഒന്നിച്ച് കൂട്ടാൻ എബിവിപി സംഘ്പരിവാർ പ്രവർത്തരോട് പറയുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 

Follow Us:
Download App:
  • android
  • ios