കര്‍ഷക സമരത്തിനെതിരെ പ്രകോപനപരമായ ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തിയതിനെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതില്‍ കേന്ദ്രം ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. 

ദില്ലി: ട്വിറ്റര്‍ പബ്ലിക് പോളിസി ഇന്ത്യ, സൗത്ത് ഏഷ്യ ഡയറക്ടര്‍ മഹിമ കൗള്‍ സ്ഥാനം രാജിവെച്ചു. വ്യക്തിഗതമായ ആവശ്യത്തെ തുടര്‍ന്നാണ് രാജിയെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് വരെ മഹിമയുടെ സേവനം തുടരും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മഹിമ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. 'മഹിമയുടെ രാജി ഞങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ കര്‍ത്തവ്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വ്യക്തിപരമായ ജീവിത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു'-ട്വിറ്റര്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മെച്ചെ പറഞ്ഞു. 

കര്‍ഷക സമരത്തിനെതിരെ പ്രകോപനപരമായ ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തിയതിനെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതില്‍ കേന്ദ്രം ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. വ്യാജവും പ്രകോപനപരവുമായ ട്വീറ്റുകള്‍ ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ ചെയ്തിരുന്നെന്ന് കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ട്വിറ്റര്‍ പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.