വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 18കാരിയായ ദളിത് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്നും ആക്രമിക്കപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ പരാതി ഇങ്ങനെ- കൂടെ ജോലി ചെയ്തിരുന്ന യുവാവിന് തന്നോട് പ്രണയമായിരുന്നു. വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ട് ജാതിയില്‍പ്പെട്ടവരാണെന്നും വീട്ടുകാര്‍ പ്രശ്നമുണ്ടാകുമെന്നും പറഞ്ഞ് അഭ്യര്‍ത്ഥന നിരസിച്ചു. ബുധനാഴ്ച രാത്രി യുവാവ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആള്‍താമസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുവരുത്തി.  അവിടെ എത്തിയപ്പോള്‍ രണ്ട് ബൈക്കിലായി നാല് പേര്‍ സ്ഥലത്തെത്തി. അവര്‍ എന്നെയും സഹപ്രവര്‍ത്തകനെയും ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന അക്രമികള്‍ തന്നെ പിടിച്ചുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ആദ്യം രണ്ട് പേരും പിന്നീട് ഒരാളും പീഡിപ്പിച്ചു. തളര്‍ന്ന് കിടന്ന എന്നെ ഉപേക്ഷിച്ച് അവര്‍ പോയി- പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

അവശായ പെണ്‍കുട്ടിയെ ആദ്യം പുതുച്ചേരിയിലെ മനകുള വിനാഗായം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ഒന്നും പറയാതെ അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. തുടര്‍ന്ന് എസ്എഎസ്‍വൈ സംഘടനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ എത്തി  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഉന്നത ഉടപെടലുള്ളത്കൊണ്ട് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുകയാണെന്ന് എസ്എഎസ്‍വൈ പ്രതിനിധി ആനി ആരോപിച്ചു.

പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷേ അവര്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല- വില്ലുപുരം എസ്പി ജെയ്കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്നുപേര്‍കൂടി കേസിലെ പ്രതികളാണ്. അവരെ ഉടന്‍ പിടികൂടുമെന്നും എസ്പി വ്യക്തമാക്കി.