കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ സമാതുള്‍ ദൊളൂയ്‍, സ്വദേശ് മന്ന എന്നിവരെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺ​ഗ്രസാണെന്ന് ബിജെപിയും ഇരുവരുടേയും കുടുംബങ്ങളും ആരോപിച്ചു. 

ഞായറാഴ്ചയാണ് പ്രമുഖ ആർഎസ്എസ് നേതാവായ സ്വദേശ് മന്നയെ അച്ചതാ ​ഗ്രാമത്തിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ ജയ് ശ്രീറാം വിളിക്കാൻ സംഘടിപ്പിച്ച റാലിയിൽ സ്വദേശ് മന്നയും പങ്കെടുത്തിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സമാതുള്‍ ദൊളൂയെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോവാരയിലെ സർപോത ​ഗ്രാമത്തിലാണ് സംഭവം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് ദൊളൂയ്. മമത ബാനര്‍ജിക്ക് എതിരെ ബിജെപി നടത്തുന്ന ജയ് ശ്രീറാം പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദൊളൂയ്ക്ക് വധഭീഷണികള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം ഇയാളുടെ വീട് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നതായും ബിജെപി നേതാവ് അനുപം മുള്ളിക്ക് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മാറ്റിയപ്പോള്‍ ഒരൂകൂട്ടം ആളുകള്‍ മൃതദേഹം തട്ടിയെടുക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദ്രുത കര്‍മ്മ സേന ഇടപെട്ടാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു.