കുട്ടികളുടെ ശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നതും കുട്ടികള്‍ ദാരുണമായി കരയുന്നതും വീഡിയോയില്‍ കാണാം. എത്ര രൂപയാണ് എടുത്തതെന്ന് ആള്‍ക്കൂട്ടം കുട്ടികളോട് ചോദിക്കുന്നു.
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മോഷണക്കുറ്റം ആരോപിച്ച് രണ്ട് കുട്ടികളെ മർദിച്ച് അവശരാക്കി കാലുകൾ ട്രക്കിന്റെ പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. തിരക്കേറിയ പച്ചക്കറി മാർക്കറ്റിലൂടെയാണ് വലിച്ചിഴച്ചത്. കുട്ടികൾക്ക് മാരകമായി പരിക്കേറ്റു. ഇൻഡോറിലെ പച്ചക്കറി മാർക്കറ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മർദിച്ചവർക്കെതിരെ വീഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ ശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നതും കുട്ടികള്‍ ദാരുണമായി കരയുന്നതും വീഡിയോയില്‍ കാണാം. എത്ര രൂപയാണ് എടുത്തതെന്ന് ആള്‍ക്കൂട്ടം കുട്ടികളോട് ചോദിക്കുന്നു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, മോഷണക്കുറ്റത്തിന് കുട്ടികൾക്കെതിരെ കേസെടുത്തു. പച്ചക്കറി ഇറക്കുന്നതിനിടെ ട്രക്കിൽ സൂക്ഷിച്ചിരുന്ന പണം കുട്ടികൾ മോഷ്ടിച്ചതായി വ്യാപാരികളും ഡ്രൈവറും ആരോപിച്ചു. പണം കുട്ടികൾ എടുക്കുന്നത് കണ്ടതായി ഡ്രൈവർ പറഞ്ഞു. തുടർന്ന് വ്യാപാരികളും ചിലരും ചേർന്ന് കുട്ടികളെ മർദ്ദിച്ച് കാലുകൾ കെട്ടിയിട്ടു. പിന്നീട് റോഡിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ശേഷം കയറിന്റെ ഒരറ്റം ട്രക്കിൽ കെട്ടി മാർക്കറ്റിന് ചുറ്റും വലിച്ചിഴച്ചു. കുട്ടികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചെന്നും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭീകരമായ രീതിയിലാണ് കുട്ടികളെ മർദ്ദിച്ചതെന്നും അക്രമികൾക്കെതിരെയും ഞങ്ങൾ നടപടിയെടുക്കുമെന്നും ഇൻഡോർ പൊലീസ് ഓഫീസർ നിഹിത് ഉപാധ്യായ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
