നാല് പുള്ളിപ്പുലികളുടെ തോലുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇത്തരത്തിൽ വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ഇത്തരം സംഭവങ്ങളിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഛത്തീസ്ഗണ്ഡ്: പുള്ളിപുലിത്തോൽ കടത്തിയതിനെ തുടർന്ന് ഛത്തീസ്ഗണ്ഡിലെ ദന്താവാദ ജില്ലയിൽ രണ്ട് പൊലീസുകാരുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. നെലസ്നാർ സ്വദേശിയായ മസ്റാം കിഡിയാമി, ബംഗ്പാൽ സ്വദേശികളായ രാംനാഥ്, ശങ്കർ പൊയം, ബേഡ് സുരോഖി സ്വദേശികളായ ലാലു, ലദ്രു റാം, ഹിരാനർ സ്വദേശിയായ അർജുൻ ബർസ, കസോലി സ്വദേശിയായ തമോ ദീപ് ചന്ദ്ര എന്നിവരാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് വെളിപ്പെടുത്തി.
ഇവരിൽ കിഡിയാമി അസിസ്റ്റന്റ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. ബസ്താർ മേഖലയിലെ ദന്തേവാദ ജില്ലയിൽ രഹസ്യ ചാരനായി (ഗോപ്നിയ സൈനിക്) ജോലി ചെയ്യുന്ന ആളാണ് ശങ്കർ പൊയം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഗീഡാം പ്രദേശത്തെ കാർലി ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
പുലിത്തോൽ കടത്തുന്നുണ്ടെന്ന് ലഭിച്ച വിവരം വിശ്വസനീയമാണോ എന്നറിയാൻ ഇന്ദ്രാവതി ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ എൻ കെ ശർമ്മയുമായി ബന്ധപ്പെട്ടുവെന്ന് ദന്താവാദാ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സുരാജ് സിംഗ് പരിഹാർ പറഞ്ഞു. നാല് പുള്ളിപ്പുലികളുടെ തോലുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ഇത്തരം സംഭവങ്ങളിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നാല് മോട്ടോർസൈക്കിളുകൾ, മൊബൈൽ ഫോണുകൾ, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന വന്യജീവിയാണ് പുള്ളിപ്പുലി. എല്ലുകൾ, നഖം, തോൽ എന്നിവയ്ക്ക് വേണ്ടി ഇവയെ വേട്ടയാടുന്നതും മനുഷ്യവാസ പ്രദേശങ്ങളിൽ ഇറങ്ങുമ്പോൾ ഇവയെ കൊല്ലുന്നതും പുള്ളിപ്പുലികൾ എണ്ണത്തിൽ കുറയുന്നതിന് കാരണമായിത്തീരുന്നു.
