കിടക്കകൾ അനുവദിക്കുന്നതിൽ വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ബെംഗളൂരു എംപി തേജസ്വി സൂര്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

കർണാടകത്തിൽ ആശുപത്രി കിടക്കകൾ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ബെംഗളൂരു കൊവിഡ് ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരു എംപി തേജസ്വി സൂര്യ കിടക്കകൾ അനുവദിക്കുന്നതിൽ വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

അതേസമയം ചാമ്‌രാജ് നഗറിൽ 24 രോഗികൾ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയത്. രോഗികൾ എവിടെ പോകണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്. സംസ്ഥാനത്തെ 9 ജില്ലകളിൽ ഓക്സിജൻ റീഫില്ലിങ് , ബോട്ടിലിംഗ് പ്ലാന്റുകൾ പോലും ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേരള കർണാടക അതിര്‍ത്തി ജില്ലയായ ചാമ്‌രാജ് നഗറിൽ കഴിഞ്ഞ ദിവസം ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിച്ചിരുന്നു. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചതെന്നാണ് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചത്. സംഭവത്തില്‍ പരസ്പരം പഴി ചാരുകയാണ് അധികൃതര്‍. മൈസൂരിൽ നിന്ന് ഓക്സിജൻ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം ആരോപിക്കുമ്പോള്‍ ഓക്സിജൻ അയച്ചിരുന്നെന്നാണ് മൈസൂർ കളക്ടർ പറയുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona