സ്വത്ത് കണ്ടുകെട്ടാതിരിക്കുന്നതിനും ചിട്ടി ഫണ്ട് അഴിമതിയിൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് എസിബി

ജയ്പൂര്‍: രാജസ്ഥാനിൽ കൈക്കൂലി ചോദിച്ചതിന് രണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. രണ്ട് ഇ ഡി ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി) അറിയിച്ചു.

മണിപ്പൂരിലെ ഇംഫാലിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസറായ നവൽ കിഷോർ മീണ 17 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി അഡീഷണൽ ഡയറക്ടർ ജനറൽ ഹേമന്ത് പ്രിയദർശി പറഞ്ഞു. പരാതിക്കാരന്റെ ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കുന്നതിനും ഇംഫാലിലെ ചിട്ടി ഫണ്ട് അഴിമതിയിൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതി പരിശോധിച്ച ശേഷം ജയ്പൂരിലെ എസിബി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘം, 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മീനയെയും കൂട്ടാളി ബാബുലാൽ മീണയെയും പിടികൂടിയതായി ഹേമന്ത് പ്രിയദർശി പറഞ്ഞു. നവൽ കിഷോറും ബാബുലാൽ മീണയും ജയ്പൂരിലെ ബസ്സി സ്വദേശികളാണ്.

രക്തത്തിൽ കുളിച്ച് സംവിധായകൻ റോഡിൽ, ആരും സഹായിച്ചില്ല, ദാരുണാന്ത്യം, ഗോപ്രോ ക്യാമറയും ഫോണും മോഷണം പോയി

രാജസ്ഥാനില്‍ ഇ ഡി പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറാണ് ചോദ്യംചെയ്തത്. നവംബർ 25ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇ ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. തെരുവ് നായകളെക്കാള്‍ കൂടുതല്‍ ഇന്ന് അലഞ്ഞ് നടക്കുന്നത് ഇഡിയാണെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതിനാല്‍ വിശ്വാസ്യത നഷ്ടമായെന്നും ഗെലോട്ട് വിമര്‍ശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം