ഇവരെ വടികൊണ്ട് അടിക്കുന്നതിന്‍റേയും തലമുടിയില്‍ പിടിച്ച് വലിച്ച് ഇഴയ്ക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

അമ്മയുടെ സഹോദരന്‍റെ പുത്രന്‍മാരോട് ഫോണിലൂടെ സംസാരിച്ചതിന് പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. ഗോത്രവിഭാഗത്തില്‍ നിന്നുള്ള 19ഉം 20ഉം വയസുള്ള പെണ്‍കുട്ടികളെയാണ് പിതാവിന്‍റെ ബന്ധുക്കള്‍ ക്രൂരമായി ആക്രമിച്ചത്. ഇവരെ വടികൊണ്ട് അടിക്കുന്നതിന്‍റേയും തലമുടിയില്‍ പിടിച്ച് വലിച്ച് ഇഴയ്ക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അക്രമികള്‍ക്ക് ഒപ്പമുള്ളവര്‍ തന്നെയാണ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ദൃശ്യങ്ങളിലുള്ള ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദയകാണിക്കാന്‍ പെണ്‍കുട്ടി മര്‍ദ്ദകരുടെ കാലില്‍ വീണ് കേഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവരെ അക്രമിക്കുന്നവരില്‍ സ്ത്രീകളുമുണ്ടെന്നതാണ് വിചിത്രമായ കാര്യം, മധ്യപ്രദേശിലെ ടാന്‍ഡ പൊലീസ് സ്റ്റേഷനാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 22ന് പീപ്പാവ്ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നതെന്നാണ് ടാന്‍ഡ പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 25നാണ് സംഭവത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അക്രമത്തിനിരയായ 19ഉം 20ഉം വയസുള്ള പെണ്‍കുട്ടികള്‍ തുടക്കത്തില്‍ സംഭവത്തേക്കുറിച്ച് പരാതിപ്പെടാന്‍ ഭയപ്പെട്ടിരുന്നതായാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് പറയുന്നത്.

Scroll to load tweet…

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. പിതാവിന്‍റെ കുടുംബാംഗങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സമാനമായ സംഭവം മധ്യപ്രദേശിലെ അലിരാജ്പൂരില്‍ നടന്ന് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പാണ് ഈ അക്രമം. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് തിരിച്ചുവന്ന മകളെ മരത്തില്‍ കെട്ടിയിട്ട് പിതാവും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona