കൊൽക്കത്തയിൽ നിന്ന് സിംഗപ്പൂരിൽ എത്തിയ സിമ്രാൻ ബാലിയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ ടെർമിനൽ 3 ലെ ഷോപ്പുകളിൽ കയറി.

ദില്ലി: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ കടകളിൽ നിന്ന് മോഷണം നടത്തിയ രണ്ട് ഇന്ത്യൻ സ്ത്രീകൾ പിടിയിൽ. ഷോപ്പിൽ നിന്ന് പഴ്സ് മോഷ്ടിച്ചതിന് 29 കാരിയായ ഗോയങ്ക സിമ്രാനെ എട്ട് ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. കൊൽക്കത്തയിൽ നിന്ന് സിംഗപ്പൂരിൽ എത്തിയ സിമ്രാൻ ബാലിയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ ടെർമിനൽ 3 ലെ ഷോപ്പുകളിൽ കയറി. ഫർല സ്റ്റോറിൽ എത്തിയപ്പോൾ പുറത്ത് പ്രദർശിപ്പിച്ചിരുന്ന മഞ്ഞ പഴ്സ് തന്റെ ട്രോളിയിലിട്ട് പണം നൽകാതെ മുങ്ങി. 

300 സിംഗപ്പൂർ ഡോളറിൽ കൂടുതൽ വിലയുള്ള പഴ്സാണ് കവർന്നത്. ടെർമിനൽ 2 ലെ ഒരു കോസ്മെറ്റിക്സ് സ്റ്റോറിൽ നിന്ന് 200 സിംഗപ്പൂർ ഡോളറിൽ കൂടുതൽ വിലയുള്ള ഒരു പെർഫ്യൂം കുപ്പി മോഷ്ടിച്ചതായും ഇവർ സമ്മതിച്ചു. മറ്റൊരു കേസിൽ മോഷണക്കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 30 വയസ്സുള്ള ഗാർഗ് പ്രഷയ്ക്ക് 700 സിംഗപ്പൂർ ഡോളർ പിഴ ചുമത്തി. 

ട്രാൻസിറ്റ് സമയത്ത് ടെർമിനൽ 2 ലെ ചാൾസ് & കീത്ത് സ്റ്റോറിൽ നിന്നായിരുന്നു ഇവരുടെ മോഷണം. രാവിലെ 7 മണിയോടെ കടയിൽ കയറി കറുത്ത ഹാവർസാക്ക് ബാഗ് ആരുമറിയാതെ ലഗേജ് ട്രോളിയിലേക്ക് മാറ്റി പണം നൽകാതെ കടയിൽ നിന്ന് ഇറങ്ങിപ്പോയി. ഷോപ്പുകളിലെ ജീവനക്കാരാണ് പൊലീസിൽ പരാതി നൽകിയത്. ഉടൻ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തു.