ഉനാകോട്ടി ജില്ലയിലെ ഫാത്തിക്രോയി പൊലീസ് സ്റ്റേഷനിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. 

അഗര്‍ത്തല: ത്രിപുരയിലെ (Tripura) വര്‍ഗ്ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത് ത്രിപുര പൊലീസ് (Tripura Police). വിശ്വ ഹിന്ദു പരിഷത്തിന്‍റെ (VHP) പരാതിയിലാണ് മതസ്പര്‍ധ വളര്‍ത്തി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്. സമൃദ്ധി ശകുനിയ, സ്വര്‍ണ്ണ ജാ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ താമസിക്കുന്ന ഹോട്ടലില്‍ ത്രിപുര പൊലീസ് കസ്റ്റഡിയിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇത് സംബന്ധിച്ച് സമൃദ്ധി ശകുനിയ ട്വീറ്റ് ചെയ്തിട്ടുണ്ട്, ട്വീറ്റ് പറയുന്നത് ഇങ്ങനെ - കഴിഞ്ഞ ദിവസം രാത്രി 10.30ന് പൊലീസുകാര്‍ ഹോട്ടലില്‍ വന്നു. അവര്‍ ഒന്നും പറഞ്ഞില്ല 5.30 റൂം ഒഴിയാന്‍ ശ്രമിക്കവേ ഞങ്ങളെ തടഞ്ഞ് ധര്‍മനഗര്‍ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകണമെന്ന് പറഞ്ഞു. സ്വര്‍ണ്ണ ജായും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസ് ഇട്ട എഫ്ഐആര്‍ കോപ്പി ഇവര്‍ ട്വീറ്റ് ചെയ്തു. 'ഞങ്ങളെ അഗര്‍ത്തലയിലേക്ക് പോകുന്നത് തടഞ്ഞു, ഹോട്ടലിന് ചുറ്റും 16-17 പൊലീസുകാര് ഉണ്ട്' ഇവരുടെ ട്വീറ്റ് പറയുന്നു. 

Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, ഉനാകോട്ടി ജില്ലയിലെ ഫാത്തിക്രോയി പൊലീസ് സ്റ്റേഷനിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. നവംബര്‍ 21ന് സ്റ്റേഷനില്‍ നേരിട്ട് ഹാജറാകാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ത്രിപുര പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

അതേ സമയം മാധ്യമപ്രവര്‍ത്തകരുടെ നിരന്തരം ട്വീറ്റുകള്‍ക്ക് പിന്നാലെ ഇവര്‍ താമസിക്കുന്ന ഹോട്ടലിന് അരികില്‍ പൊലീസിനെ നിയോഗിച്ചിട്ടില്ലെന്നാണ് ത്രിപുര പൊലീസ് ട്വീറ്റ് ചെയ്തത്. നോട്ടീസ് നല്‍കാന്‍ മാത്രമാണ് പൊലീസ് ഹോട്ടലില്‍ എത്തിയത് എന്നാണ് ത്രിപുര പൊലീസ് പറയുന്നത്. 

Scroll to load tweet…

ഒക്ടോബർ 26ന് ബംഗ്ലദേശിൽ ദുർഗ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറിൽ മുസ്‌ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണ് സമൃദ്ധിയും സ്വർണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബൻ പ്രദേശത്തെ മുസ്‌ലിം പള്ളി തകർത്തെന്നത് വ്യാജവാർത്തയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.