ബെംഗളൂരു: ആടിയുലഞ്ഞ് നിൽക്കുന്ന കോൺഗ്രസ് - ജനതാദൾ സഖ്യസർക്കാരിന് കൂടുതൽ ഭീഷണിയുയർത്തി, രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി ഇന്ന് രാജി വച്ചു. വിജയനഗര കോൺഗ്രസ് എംഎൽഎ ആനന്ദ് സിംഗും, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഗോകക് എംഎൽഎ രമേശ് ജർക്കിഹോളിയുമാണ് ഇന്ന് സ്പീക്കർക്ക് കത്ത് വഴി രാജി സമർപ്പിച്ചത്. ഇപ്പോൾ അമേരിക്കയിലുള്ള മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കൂട്ടരാജിക്ക് പഴിയ്ക്കുന്നത് ബിജെപിയെയാണ്.

''ഇന്ന് രാവിലെ സ്പീക്കറെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു'', രാജി വിവരം പുറത്ത് വന്ന ശേഷം ആനന്ദ് സിംഗ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. എന്നാൽ രാജിക്ക് പിന്നിലെന്ത് എന്നതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആനന്ദ് സിംഗ് തയ്യാറായില്ല. രാജി വച്ച വിവരം ധരിപ്പിക്കാൻ ഗവർണർ വാജുഭായ് വാലയെ കാണുമെന്നും ആനന്ദ് സിംഗ് അറിയിച്ചു. 

ആനന്ദ് സിംഗിന്‍റെ രാജി വാർത്ത രാവിലെ പുറത്തുവന്ന്, മണിക്കൂറുകൾക്കകം മുൻ മന്ത്രിയും മുതിർന്ന നേതാവുമായ രമേശ് ജർക്കിഹോളിയും രാജി വച്ചത് കോൺഗ്രസിന് ഇരട്ട പ്രഹരമായി. 

ദിവസങ്ങൾക്ക് മുമ്പ്, ആനന്ദ് സിംഗ് ബെല്ലാരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, സ്ഥലത്തെ 3,667 ഏക്കർ ഭൂമി സർക്കാർ JSW സ്റ്റീൽ കമ്പനിക്ക് നൽകിയതിനെതിരെ രൂക്ഷ വിമർശനമാണുയർത്തിയത്. അന്ന് തന്നെ രാജി വയ്ക്കുമെന്ന സൂചന വാർത്താ സമ്മേളനത്തിൽ ആനന്ദ് സിംഗ് നൽകിയിരുന്നതാണ്. ആനന്ദ് സിംഗ് ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകളാണുയരുന്നത്. 

സ്പീക്കർ കെ ആർ രമേശ് കുമാർ ഇതുവരെ രാജി അംഗീകരിച്ചില്ലല്ലോ എന്ന ചോദ്യത്തിന് ആനന്ദ് സിംഗ് നൽകിയ മറുപടി ഇങ്ങനെയാണ്: ''രാജി അംഗീകരിച്ചില്ലേ? എങ്കിൽ ഞാൻ വീണ്ടും രാജി വയ്ക്കും''.

എന്നാൽ രാജി വച്ചെന്ന വാർത്തകൾ സ്പീക്കർ രമേശ് കുമാർ നിഷേധിച്ചു. ''എനിക്ക് ഇതുവരെ ആരുടെയും രാജിക്കത്ത് കിട്ടിയിട്ടില്ല'', എന്നാണ് സ്പീക്കറുടെ പ്രതികരണം. 

സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ നാടകീയതകൾ വീണ്ടും ഉടലെടുക്കുമ്പോൾ, അമേരിക്കയിലാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. സംസ്ഥാനത്ത് നടക്കുന്നതെല്ലാം അറിയുന്നുണ്ടെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച കുമാരസ്വാമി ബിജെപിക്കെതിരെ ആ‌ഞ്ഞടിക്കുകയാണ്. 

''ന്യൂ ജഴ്‍സിയിൽ കാലഭൈരവേശ്വര ക്ഷേത്രത്തിന്‍റെ ശിലാന്യാസത്തിനായി അമേരിക്കയിലാണ് ഞാനിപ്പോൾ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഞാനറിയുന്നുണ്ട്. സർക്കാരിനെ താഴെയിടാമെന്നത് ബിജെപിയുടെ പകൽക്കിനാവ് മാത്രമാണ്'', കുമാരസ്വാമി ട്വീറ്റ് ചെയ്തു. ജൂലൈ എട്ടിനേ കുമാരസ്വാമി തിരിച്ചെത്തൂ.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'ഓപ്പറേഷൻ താമര' എന്ന പേരിൽ ദൾ - കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്ന് വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. 20 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും അവരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരുമെന്നുമാണ് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ സജീവമല്ലാതായതോടെ കോൺഗ്രസിന് കൃത്യമായ നേതൃത്വം ഇല്ലാത്ത സാഹചര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം കർണാടകത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

സംസ്ഥാനത്തും കോൺഗ്രസിന് നേതൃത്വമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക പിസിസിയെ ഹൈക്കമാൻഡ് പിരിച്ചു വിട്ടിരുന്നു. പിസിസി പ്രസിഡന്‍റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്‍റായി ഈശ്വർ ബി ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്.

സഖ്യ സർക്കാരിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണാടക പിസിസി പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

സഖ്യ സർക്കാരിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായുള്ള സൂചനകൾ പല സമയത്തും മുഖ്യമന്ത്രി കുമാരസ്വാമി തുറന്നു പറഞ്ഞതാണ്. സ‌ർക്കാരിന്‍റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായി തന്‍റെ വിഷമതകൾ ഉള്ളിലൊതുക്കുകയാണെന്നാണ് കുമാരസ്വാമി പറഞ്ഞത്. 

ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 78, ജെഡിഎസ് 37, ബിജെപി 104, ബിഎസ്‍പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കര്‍ണാടകയിലെ കക്ഷിനില. കേവലഭൂരിപക്ഷത്തിനായി ഇവിടെ 112 സീറ്റുകൾ വേണം. ഇത് ഏതാണ്ട് തികച്ച് അധികാരത്തിലേറിയ ബിജെപിയുടെ സിദ്ധരാമയ്യ സർക്കാരിന് പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. സിദ്ധരാമയ്യ സർക്കാരിനെ താഴെയിറക്കിക്കൊണ്ട് കോൺഗ്രസ് - ദൾ സർക്കാർ അധികാരത്തിലേറിയതും വിശ്വാസവോട്ട് നേടിയതും നാടകീയമായാണ്. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ദൾ സഖ്യം കനത്ത പരാജയമാണ് നേരിട്ടത്. 28 സീറ്റിൽ 25 ഇടത്തും ബിജെപിയാണ് വിജയിച്ചത്.