Asianet News MalayalamAsianet News Malayalam

ബംഗാളില്‍ സിഎഎ വിരുദ്ധ സമരത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ റെസിഡന്‍റ്സ് ഫോറം നാഗരിക മഞ്ചും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Two killed, one Injured in clash over CAA in Bengal
Author
Kolkata, First Published Jan 29, 2020, 5:45 PM IST

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയേറ്റാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അനാറുല്‍ ബിസ്വാസ്(55), സലാലുദ്ദീന്‍ ഷെയ്ക്ക്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തിന് നേരെ തൃണമൂല്‍ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. സാഹേബ് നഗര്‍ മാര്‍ക്കറ്റിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. 20 ദിവസം മുമ്പ് രൂപീകരിച്ച സിഎഎ ബിരോധി നാഗരിക മഞ്ചാണ് സമരം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി മുര്‍ഷിദാബാദില്‍ ഇവര്‍ സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നു. ടിഎംസി പ്രവര്‍ത്തകര്‍ അടക്കം സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.  സിഎഎ, എന്‍ആര്‍സിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടാന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടച്ചിടല്‍ നടക്കില്ലെന്ന് ഒരുവിഭാഗം അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പിന്നീട് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം ബോംബെറിയുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. 

ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. സിഎഎ ബിരോധി നാഗരിക് മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. സമരത്തിനിടയിലേക്ക് തൃണമൂല്‍ ജലംഗി നോര്‍ത്തി പ്രസിഡന്‍റ് തൊഹിറുദ്ദീന്‍ മോണ്ഡാലും അനുയായികളും എത്തി. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും മൊണ്ഡാലും അനുയായികളും തങ്ങള്‍ക്ക് നേരെ വെടിവെക്കുകയുമായിരുന്നുവെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. തൊഹ്റാബുദ്ദീന്‍റെ സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. അക്രമികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതാ ബാനര്‍ജിക്കെതിരെ രംഗത്തെത്തി. 

എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അബൂ താഹില്‍ പറഞ്ഞു. സംഭവങ്ങള്‍ക്ക് പിന്നില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് എംഎല്‍എ മനോജ് ചക്രബൊര്‍ത്തി വ്യക്തമാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. പൗരത്വ നിയമത്തിനെതിരെ ബംഗാളില്‍ നേരത്തെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios