ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളാണ് ചത്തത്. ആൺ സിംഹമായിരിക്കാം ഇവയെ കൊന്നതെന്നാണ് പ്രാഥമിക നി​ഗമനമെന്ന് ജുനാഗഡ് വന്യജീവി സങ്കേതത്തിന്റെ മുഖ്യ കൺസർവേറ്റർ ഡി ടി വസവാട പറഞ്ഞു. 

അഹമ്മദാബാദ്: ​ഗുജറാത്തിലെ ​ഗിർ വനത്തിൽ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി. ​ഗിർ വനത്തിലെ വിസാവദാർ മേഖലയിൽ ചൊവ്വാഴ്ചയാണ് സിംഹക്കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ‌ അറിയിച്ചു. 

ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളാണ് ചത്തത്. ആൺ സിംഹമായിരിക്കാം ഇവയെ കൊന്നതെന്നാണ് പ്രാഥമിക നി​ഗമനം. കഴിഞ്ഞ മാസം പെൺ സിംഹമടക്കം മൂന്ന് സിംഹങ്ങളേയും ഒരു സിംഹക്കുട്ടിയേയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നതായി ജുനാഗഡ് വന്യജീവി സങ്കേതത്തിന്റെ മുഖ്യ കൺസർവേറ്റർ ഡി ടി വസവാട പറഞ്ഞു. 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 110 സിംഹങ്ങളും 94 സിംഹക്കുട്ടികളുമടക്കം ഇതുവരെ 204 സിംഹങ്ങളെ ​ഗിർ വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 21 സിംഹങ്ങളുടെയും ആറ് സിംഹക്കുട്ടികളുടേയും സ്വാഭാവിക മരണമാണ്. ​ഗുജറാത്ത് നിയമസഭാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.