ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വീഡിയോയില്‍ കുമാരസ്വാമിയെയും മകന്‍ നിഖില്‍ കുമാരസ്വാമിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചതിനാണ് അറസ്റ്റ്. സിദ്ധരാജു(26), ചാമഗൗഡ(28) എന്നിവര്‍ 32 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് മുഖ്യമന്ത്രി കുമാരസ്വാമിയെയും മകന്‍ നിഖില്‍ കുമാരസ്വാമിയെയും വിമര്‍ശിച്ച് സംസാരിച്ചത്. ഇവര്‍ക്കെതിരെ 406, 420, 499 വകുപ്പുകള്‍ ചുമത്തി. 

മുതിര്‍ന്ന കന്നഡ പത്രപ്രവര്‍ത്തകന്‍ വിശ്വേശര്‍ ഭട്ടിനെതിരെ രണ്ടാഴ്ച മുമ്പ് മുന്‍ മുഖ്യമന്ത്രി ദേവഗൗഡയെയും കുടുംബത്തെയും അപമാനിച്ച് ലേഖനമെഴുതിയെന്നാരോപിച്ച് കേസെടുത്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തിനില്‍ക്കെയാണ് കര്‍ണാടകയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കേസെടുത്തത്.