ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഞായറാഴ്ച രാത്രി ആസാദ് ചൗക്കിലാണ് സംഭവമുണ്ടായത്. ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയുടെ ജീവനക്കാരനായ ഷെയ്ക്ക് അമീര്‍ സുഹൃത്ത് ഷെയ്ക്ക് നസീര്‍ എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇരുവരും ഓട്ടോ കാത്ത് നില്‍ക്കുമ്പോള്‍ കാറിലെച്ചിയ സംഘം ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ക്രമിനില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കുറ്റവാളികളുടെ മുഖം വ്യക്തമല്ലെന്നും സംഘത്തില്‍ ഏകദേശം അഞ്ച് പേരുണ്ടെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയും ഔറംഗബാദില്‍ സമാനസംഭവമുണ്ടായിരുന്നു. ബെഗുംപുര പ്രദേശത്ത് ഇസ്മായില്‍ പട്ടേല്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചിരുന്നു. അന്നത്തെ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.