കൊച്ചി: നാവികസേന കപ്പലായ ഐ.എൻഎസ് വിക്രാന്തിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ എൻഐഎ പിടിയിലായി. രാജസ്ഥാൻ, ബീഹാർ സ്വദേശികളായ രണ്ട് പേരെയാണ് എൻഐഎ പിടികൂടിയത്. ഇവരിൽ നിന്നും കാണാതായ ഹാർഡ് ഡിസ്കിൻ്റെ കുറച്ചു ഭാഗങ്ങൾ കണ്ടെടുത്തു. ഇരുവരുമായി എൻഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്. 

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഒരു വർഷം മുൻപാണ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകൾ കാണാതായത്. നിർമ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൻ്റെ അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോൾ പിടിയിലായ രണ്ട് ഉത്തരേന്ത്യൻ തൊഴിലാളികളിലേക്ക് എൻഐഎ എത്തിയത്. കപ്പലിലെ പെയിൻ്റിംഗ് തൊഴിലാളികളായ ഇവർ തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് എൻഐഎക്ക് ലഭിച്ച മൊഴി. ഇവരിൽ നിന്നും രണ്ട് ഹാർഡ് ഡിസ്കുകൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 

വിമാനവാഹിനി കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്നായിരുന്നു കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച കേരള പൊലീസിൻ്റെ നിഗമനം.കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർ‍ഡ് ഡിസ്കിൽ ഇല്ലെന്നും നേരത്തെ വ്യക്തമായിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലിലാണ് കഴിഞ്ഞ വർഷം കവർച്ച നടന്നത്. 

കപ്പലിൽ ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടറിലെ ഹാർ‍ഡ് ഡിസ്ക്, ഫാൻ അടക്കമുള്ളവയാണ് നഷയമായത്. കപ്പൽശാല അധികൃതരുടെ പരാതിയിൽ സൗത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയെങ്കിൽ സംഭവത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. കൊച്ചി സിറ്റിപോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ‍ഡിസ്കിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.