Asianet News MalayalamAsianet News Malayalam

കർണാടകയിൽ കാലുമാറ്റം തുടരുന്നു; രണ്ട് എംഎൽഎമാർ രാജിവെച്ചു, കോൺ​ഗ്രസിലേക്കെന്ന് സൂചന, ബിജെപിക്ക് നഷ്ടം

ബല്ലാരി ജില്ലയിലെ കുഡ്‌ലിഗി മണ്ഡലത്തിലെ എംഎൽഎയാണ് ​ഗോപാലകൃഷ്ണ. നേരത്തെ ഇയാൾ കോൺ​ഗ്രസ് നേതാവായിരുന്നു. 2018ലാണ് ബിജെപിയിൽ ചേരുന്നത്.

Two MLA's in Karnataka resign ahead of election prm
Author
First Published Apr 1, 2023, 10:36 AM IST

ബെം​ഗളൂരു:  തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിൽ കാലുമാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം ബിജെപി, ജെഡിഎസ് എംഎൽഎമാർ രാജിവെച്ചു. ഇവർ ഉടൻ തന്നെ കോൺ​ഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം ശക്തമായി. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. ബിജെപി എംഎൽഎ എൻ വൈ ഗോപാലകൃഷ്ണ,  ജെഡിഎസ് നിയമസഭാംഗമായ എ ടി രാമസ്വാമി എന്നിവരാണ് രാജി സമർപ്പിച്ചത്.

ബല്ലാരി ജില്ലയിലെ കുഡ്‌ലിഗി മണ്ഡലത്തിലെ എംഎൽഎയാണ് ​ഗോപാലകൃഷ്ണ. നേരത്തെ ഇയാൾ കോൺ​ഗ്രസ് നേതാവായിരുന്നു. 2018ലാണ് ബിജെപിയിൽ ചേരുന്നത്. ചിത്രദുർ​ഗയിലെ കോൺ​ഗ്രസ് എംപിയുമായിരുന്നു.  ചിത്രദുർഗയിലെ മൊളകൽമുരു സീറ്റിൽ നിന്ന് നാല് തവണ കോൺഗ്രസ് എംഎൽഎ ആയും ബെല്ലാരി സീറ്റിൽ നിന്ന് ഒരു തവണ കോൺഗ്രസ് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടു.  2018 ൽ കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിലേക്ക് മാറി. ശ്രീരാമുലു ചിത്രദുർഗയിലെ മൊളകാൽമുരു മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ബിജെപി ഇദ്ദേഹത്തിന് ബെല്ലാരിയിലെ കുഡ്‌ലിഗിയിൽ സീറ്റ് നൽകി. പ്രായം കണക്കിലെടുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ സാധ്യത കുറവാണെന്ന സംശയത്തെ തുടർന്നാണ് ​ഗോപാലകൃഷ്ണ കോൺ​ഗ്രസിലേക്ക് കൂടുമാറാനൊരുങ്ങുന്നതെന്ന് പറയുന്നു. 

'ജനങ്ങളുടെ പൾസ് അറിഞ്ഞു, ഒറ്റയ്ക്ക് തന്നെ അധികാരത്തിലെത്തും'; സർവേകളിൽ വിശ്വസിക്കുന്നില്ലെന്ന് കുമാരസ്വാമി

കർണാടകയിലെ ഹാസൻ മേഖലയിലെ അർക്കൽഗുഡ് സീറ്റിൽ നിന്ന് നാല് തവണ എംഎൽഎയായ ജെഡിഎസ് നേതാവ് എ ടി രാമസ്വാമിയാണ് രാജിവെച്ച മറ്റൊരു നേതാവ്. 2004വരെ കോൺ​ഗ്രസുകാരനായിരുന്നു. പിന്നീട് ജെഡിഎസിലേക്ക് മാറി.  സംശുദ്ധ നേതാവായി പരക്കെ ബഹുമാനിക്കപ്പെടുന്ന മുതിർന്ന രാഷ്ട്രീയക്കാരനാണ് രാമസ്വാമി. എന്നാൽ കോൺ​ഗ്രസിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഏതെങ്കിലും പാർട്ടി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമസാമിയുടെ മുൻ എതിരാളിയും മുൻ കോൺഗ്രസ് മന്ത്രിയുമായ എ മഞ്ജുവിനാണ് ജെഡിഎസ് അർക്കൽഗുഡ് ടിക്കറ്റ് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം രാജിവെക്കുന്ന രണ്ടാമത്തെ ജെഡിഎസ് എംഎൽഎയാണ് രാമസ്വാമി. ജെഡിഎസ് എംഎൽഎ എസ് ആർ ശ്രീനിവാസ് വ്യാഴാഴ്ച രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നു. 

Follow Us:
Download App:
  • android
  • ios