Asianet News MalayalamAsianet News Malayalam

ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന് സംശയം; തമിഴ്നാട്ടിൽ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ചെന്നൈ സ്വദേശി സിദ്ധിഖ്, ഉക്കടം സ്വദേശി സഹീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതോടെ തമിഴ്നാട്ടില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം എട്ടായി. 

two more arrested in tamil nadu suspected they helped terrorist
Author
Chennai, First Published Aug 24, 2019, 7:59 PM IST

ചെന്നൈ: ലഷ്‍കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ദില്ലിയിലും അതീവ ജാഗ്രത തുടരുന്നു. ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയത്തില്‍ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ തമിഴ്നാട്ടില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം എട്ടായി. 

തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാൽ മുത്തുപ്പേട്ടയില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. ചെന്നൈ സ്വദേശി സിദ്ധിഖ് പൊന്‍വിഴ നഗര്‍ സ്വദേശി സഹീര്‍ എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഭീകര സംഘത്തിന് സഹായം നല്‍കിയെന്ന് തമിഴ്നാട് പൊലീസ് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറുമായി ഇവര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചില്‍ ശക്തമാക്കി. 

വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ താമസിച്ചതെന്ന കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. ശ്രീലങ്കയില്‍ നിന്ന് അനധികൃത ബോട്ടില്‍ തമിഴ്നാട് തീരത്ത് എത്തിയ ഭീകരര്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. 

ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.തമിഴ്നാടിന് പുറമേ കര്‍ണാടകം, ആന്ധ്ര, പുതുച്ചേരി ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios