ഹൈദരാബാദ്: മണിപ്പൂർ സ്വദേശികൾക്ക് പ്രവേശനം നിഷേധിച്ച സൂപ്പ‍ർമാർക്കറ്റ് മാനേജര്‍ക്കും രണ്ട് സുരക്ഷാ ജീവനക്കാർക്കുമെതിരെ കേസ്. തെലങ്കാനയിലെ റാച്ചക്കോണ്ട വനസ്ഥലിപുരത്താണ് മണിപ്പൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ മാനേജരേയും സുരക്ഷാ ജീവനക്കാേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

വനസ്ഥലിപുരത്തെ സൂപ്പർമാർക്കറ്റിൽ വച്ചാണ് സുരക്ഷാ ജീവനക്കാര്‍ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചത്. വിദേശികള്‍ ആയതുകൊണ്ട് അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു നിലപാട്. വിദ്യാർഥികൾ ആധാര്‍ കാര്‍ഡുകള്‍ അടക്കം കാണിച്ചിട്ടും ജീവനക്കാർ അകത്തേക്ക് കയറ്റിവിട്ടില്ല. മനേജരുടെ നിർദ്ദേശപ്രകാരമാണ് തടഞ്ഞതെന്നും വേണമെങ്കിൽ അദ്ദേഹവുമായി സംസാരിക്കാമെന്നും സുരക്ഷാ ജീവനക്കാർ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ മാനേജറുമായി സംസാരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിന്റെ വീഡിയോ വിദ്യാർഥികളിൽ ഒരാൾ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇത് ഇവരുടെ ഒരു സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവടക്കം വിഷയത്തില്‍ ഇടപെടുകയും തെലങ്കാന മന്ത്രി കെടിആര്‍ റാവു സംഭവത്തിൽ അപലപിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

കഴിഞ്ഞദിവസം മുംബൈയില്‍ മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്ത് ഒരു ബൈക്ക് യാത്രക്കാരന്‍ തുപ്പിയിരുന്നു. മുമ്പ് ദില്ലിയിലും മറ്റൊരു മണിപ്പൂര്‍ സ്വദേശിനിക്ക് നേരേയും സമാനരീതിയില്‍ അതിക്രമം നടന്നിരുന്നു.