ദില്ലി: ജമ്മുകശ്മീരിലെ അന്തനാഗിൽ ഭീകരരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അന്തനാഗിലെ ലാലാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്ന എന്ന വിവരത്തെ തുടർന്ന് സൈന്യം ഇവിടെ തിരച്ചിൽ നടത്തി. ഇതിനിടെ സൈന്യത്തിന് നേരെ ഭീകരരർ വെടിവച്ചു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഹിസ്ബുൾ മുജാഹീദ്ദൻ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി സേന അറിയിച്ചു. അതെസമയം ബന്ദിപ്പോരയിൽ സൈനിക വ്യൂഹം കടന്നുപോകേണ്ട വഴിയിൽ സ്ഫോടക വസ്തു കണ്ടെത്തി. ഇവിടെ പരിശോധന തുടരുകയാണ്.