ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു.

റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. 42കാരനായ ജനേശ്വര്‍ ബേഡിയ, 39കാരിയായ സരിതാ ദേവി, 25കാരിയായ സഞ്ജു ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.

റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഒർമഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പറയുന്നത്. 'കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തുന്ന ഫാമിലെ പന്നികൾ കുറച്ച് ദിവസം മുമ്പ് അവരുടെ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും മറ്റ് ആയുധങ്ങളുമായെത്തിയ 12 പേര്‍ കുടുംബത്തെ ആക്രമിച്ചു. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം അടിച്ചുകൊന്നത്'- എസ്‍പി പറയുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. വീണ്ടും സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്‍പി ഹാരിസ് ബിന്‍ സമാന്‍ പറഞ്ഞു. അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.

പ്രതികളെ ദൃക്‌സാക്ഷികളും കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എസ്‍പി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പ്രതികളെ ചോദ്യംചെയ്ത ശേഷമേ വ്യക്തമാകൂ എന്നും എസ്‍പി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം