അബുദാബി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ  മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സൂചന. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. ദുബായി പൊലീസിന്‍റെ നിരീക്ഷണത്തിലാണ് ഫൈസല്‍. ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട്  രണ്ട് സാധ്യതകളാണ് ഉള്ളത് . ഒന്ന്  അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കൈമാറുകയും ചെയ്യുക. രണ്ട് ഫൈസലിനെ നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്‍റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിനു തടസ്സങ്ങളില്ല. എന്നാല്‍ എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത്സം ബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.