അയോധ്യ: രാമക്ഷേത്രനിര്‍മ്മാണത്തിന്‌ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ ശിവസേന തലവന്‍ ഉദ്ധവ്‌ താക്കറേ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അതിനുള്ള ധൈര്യമുണ്ട്‌. അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും താക്കറേ അഭിപ്രായപ്പെട്ടു.

അയോധ്യ കേസ്‌ വര്‍ഷങ്ങളായി കോടതിയിലാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ധൈര്യമുണ്ട്‌. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതിനെ ആരും തടയില്ല. ശിവസേന മാത്രമല്ല, ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളും അതോടൊപ്പം ഉണ്ടാകുമെന്നും ഉദ്ധവ്‌ താക്കറേ പറഞ്ഞു.

ശിവസേനയായാലും ബിജെപിയായാലും ഹിന്ദുത്വ ആശയങ്ങളെ ശക്തമാക്കാന്‍ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അത്‌ ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ് മോദി സര്‍ക്കാര്‍ കൂടുതല്‍ എംപിമാരുമായി രണ്ടാം തവണ അധികാരത്തിലെത്തിയത്‌. ജനവികാരം ബഹുമാനിക്കണമെന്നാണ്‌ അതിനര്‍ത്ഥമെന്നും രാമക്ഷേത്രനിര്‍മ്മാണത്തെ സൂചിപ്പിച്ച്‌ താക്കറേ പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 ശിവസേന എംപിമാര്‍ക്കൊപ്പം അയോധ്യയില്‍ സന്ദര്‍ശനത്തിന്‌ എത്തിയതായിരുന്നു ഉദ്ധവ്‌ താക്കറേ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ ശിവസേന നേതാവിന്റെ അയോധ്യാ സന്ദര്‍ശനമെന്ന ആരോപണം ഉദ്ധവ്‌ താക്കറേ നിഷേധിച്ചു. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.