അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മോദിക്ക് ധൈര്യമുണ്ടെന്നും അദ്ദേഹം കൊണ്ടുവരുന്ന ഓർഡിനൻസ് ആരും തടയില്ലെന്നും താക്കറെ പറഞ്ഞു. സേനയുടെ 18 എംപിമാർക്കൊപ്പം അയോധ്യ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താക്കറെ.

'വർഷങ്ങളായി അയോധ്യ കേസ് കോടതിയുടെ പരി​ഗണനയിലാണ്. മോദിക്ക് ധൈര്യമുണ്ട്. കേന്ദ്ര സർക്കാർ ഒരു തീരുമാനമെടുത്താൽ അതിനെ എതിർക്കാൻ ആർക്കും ധൈര്യം കാണില്ല.  ശിവസേന മാത്രമല്ല ലോകത്തിലെ മുഴുവൻ ഹിന്ദുക്കളും ആ തീരുമാനത്തിനൊപ്പം നിൽക്കും'- താക്കറെ പറഞ്ഞു.

ഹിന്ദുത്വത്തെ ശക്തീകരിക്കുന്നതിന് വേണ്ടിയാണ് ശിവസേനയും ബിജെപിയും പ്രവർത്തിക്കുന്നത്. ഇത് മനസിലാക്കിയതു കൊണ്ടാണ് ജനങ്ങൾ കൂടുതൽ സീറ്റ് നൽകി മോദിയെ വീണ്ടും അധികാരത്തിലേറ്റിയത്. അതിനാൽ ജനങ്ങളുടെ വികാരം മാനിക്കപ്പെടേണ്ടതുണ്ടെന്നും താക്കറെ കൂട്ടിച്ചേർത്തു.