ദില്ലി: ജാമിയ മിലിയ സർവ്വകലാശാല വിദ്യാർഥികൾക്കെതിരായ പൊലീസ് അടിച്ചമർത്തൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇത്തരം പ്രവർത്തനങ്ങൾ ഭീകരാന്തരീഷം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ‘ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമം കാണുമ്പോൾ എനിക്കോർമ വരുന്നത് ജാലിയൻ വാലാബാഗിലെ വെടിവയ്പ്പാണ്. മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു.

''യുവശക്തി എന്നത് ഒരു ബോംബാണ്. അതിനു തീ കൊളുത്തരുത്. പ്രധാനമന്ത്രിയോടുള്ള എന്‍റെ വിനീതമായ അഭ്യര്‍ത്ഥനയാണിത്. യുവജനങ്ങൾ അസ്വസ്ഥരായാൽ ഒരു രാജ്യത്തിനും നിലനിൽപ്പ് സാധ്യമല്ല.  ഈ രാജ്യത്തെ യുവാക്കളെ അസ്വസ്ഥരാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.'' അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപി നയത്തെ താക്കറെ വിമർശിച്ചു. യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയെന്നും അവർക്ക് ധാരാളം കഴിവുകളുണ്ടെന്നും താക്കറേ കൂട്ടിച്ചേർത്തു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് കടന്നുകയറിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.